ഉള്ളിലേയ്ക്ക് വീണുകിടക്കുന്ന
കയററ്റത്തിൽ
വെറുതെ തെരുപ്പിടിച്ച്,
വട്ടത്തുളയിലൂടെ
ഒറ്റക്കണ്ണുകൊണ്ട് നോക്കി,
തെളിവെള്ളച്ചുണ്ടും
പാറപ്പല്ലും കോട്ടിച്ചിരിച്ച്,
കിണർ പറഞ്ഞു:
"എനിക്ക്
ആകാശത്തെക്കുറിച്ച് മാത്രമേ അറിയൂ.
അത് മാത്രമേ അറിയേണ്ടതുള്ളൂ.
കീറട്രൗസറിട്ട ചെക്കൻ
എന്റെ ആൾമറയിൽ വന്നിരുന്ന് തിന്നാറുള്ള
വെണ്ണീറുപുരണ്ട കരിഞ്ഞ പപ്പടം പോലെ
ആകാശം ഇടയ്ക്ക്
കാർമേഘം പുരണ്ട്
മുഖം ചീർത്ത് നിൽക്കാറുണ്ട്.
വെള്ളം കോരാൻ വരാറുള്ള
പെണ്ണിനെ പോലെ
ഇടയ്ക്ക് വെറുതെ
മോങ്ങിമോങ്ങിക്കരഞ്ഞ്
എന്നെ നിറയ്ക്കാറുണ്ട്.
ചെമ്പോത്തിന്റേത് പോലുള്ള കണ്ണുമായി
ആൾമറയ്ക്കു പിന്നിൽ
ഒളിച്ചിരിക്കാൻ വരാറുള്ളവനെ പോലെ
ഇടയ്ക്ക് ആകാശം
തീക്കണ്ണുരുട്ടി
എന്നെ വറ്റിക്കാൻ നോക്കാറുണ്ട്.
ആകാശം എന്നാൽ
ഇത്രയൊക്കെയേ ഉള്ളൂ,
ഇത്രയൊക്കെയേ വേണ്ടു ."
ആകാശപ്പരവതാനിയുടെ
അനന്തമായ പരപ്പിനെക്കുറിച്ചും
പനഞ്ചോട്ടിൽ
കടിച്ചു തുപ്പിയിട്ട പോലെ കിടന്ന
കീറ ട്രൗസറിട്ട ചെക്കനെക്കുറിച്ചും
മാവിൽ പിടഞ്ഞു തൂങ്ങിയാടിയ
പെണ്ണിനെക്കുറിച്ചും,
കാണാതായ
ചെമ്പോത്തിന്റെ കണ്ണുള്ളവനെക്കുറിച്ചും
കിണറിനോടാരു പറയാൻ?
പറഞ്ഞാൽ തന്നെ
കിണറെന്തിന് വിശ്വസിക്കണം?
കിണറിനോടാര് ചോദിക്കാൻ?
ചോദിച്ചാൽ തന്നെ
കിണറെന്തിന് പറയണം?
Summary: Ororutharude Akasham, poem by Remya Nechingal
