ഓരോരോ ആകാശങ്ങൾ

Poem

ഓരോരോ ആകാശങ്ങൾ



പ്രണയത്തിന്റെ
ആദ്യനാളുകളിലാവണം
ഒരുവൻ കാമുകിക്കൊരു
ആകാശം സമ്മാനിച്ചു

നാണിച്ചുപോയ അവളത്
നാലായി മടക്കി
വാനിറ്റി ബാഗിൽ വച്ചു

ജീവിതത്തിന്റെ പുറമ്പോക്കിൽ
ഒറ്റയ്ക്കുനിന്ന് തേങ്ങുന്ന മറ്റൊരാൾ
കൈലേസിന് യാചിച്ചപ്പോൾ
അവളതെടുത്ത് കൊടുത്തു

കരഞ്ഞാലും തോരാത്ത
ജീവിതംകൊണ്ട് നനയാതെ
അയാളത് വീണ്ടും മടക്കി
പോക്കറ്റിൽ തന്നെ സൂക്ഷിച്ചു

അലക്കാനെടുത്ത ഷർട്ടിൽ നിന്ന്
ഭാര്യയ്ക്കയാളുടെ ആകാശം കിട്ടുന്നു
തൂക്കാനും തുടയ്ക്കാനും
കൊള്ളാമല്ലോയെന്നോർത്ത്
അവളത്
അടുക്കള പാതകത്തിൽ വയ്ക്കുന്നു

നോക്കണേ,
ഉണ്ണാനും ഉടുക്കാനുമില്ലാത്ത
അനേകരെ അന്വേഷിക്കാതെ
ഒരു ആകാശം പോണ പോക്ക്!

യുദ്ധത്തിനും പ്രണയത്തിനും
പ്രളയത്തിനും മരുഭൂമിക്കും
കാറ്റിനും മഴയ്ക്കും
വസന്തത്തിനും വറുതിക്കും
ധൂർത്തിനും ദാരിദ്ര്യത്തിനും
രതിക്കും വിശപ്പിനും
കരുണയ്ക്കും ക്രൂരതയ്ക്കും
രക്തത്തിനും മലത്തിനും...
എന്നു വേണ്ട,
അഖിലാണ്ഡകോടി
ബ്രഹ്‌മാണ്ഡകോടി ദൈവങ്ങൾക്കും
സകല ചരാചരങ്ങൾക്കും മേൽ
വിരിഞ്ഞു നിന്ന
അതേ ആകാശത്തിന്റെ പോക്ക്!
ആകാശം അനാഥമാക്കിയവർ
ഭരണകൂടത്തിനും അനാഥരാണ്...
സ്‌കൂൾ ബസിലെ
ചതുര ജനാലയിൽ
പൂമ്പാറ്റകൾ ഇല്ലെന്ന്ക
ലമ്പിയെത്തുന്നഅവരുടെ കുട്ടി;
അടുക്കളയിൽ നിന്ന്
പപ്പടം മോഷ്ടിക്കുന്നതിനോടൊപ്പം
ആകാശവും കട്ടെടുക്കുന്നു

അവളത് തിരിച്ചും മറിച്ചും
നോക്കി സന്തോഷിക്കുന്നു
തിക്കും പൊക്കും നടന്ന്
കിട്ടിയ പൂക്കളേയും പൂമ്പാറ്റകളേയുംകൊണ്ട്
അലങ്കരിക്കുന്നു
പപ്പട വട്ടത്തിൽ സൂര്യനും
റ വട്ടത്തിൽ മഴവില്ലും
ന എന്ന് കിളികളെയും
വരയ്ക്കുന്നു

ശേഷം
നിങ്ങൾക്കറിയാവുന്നപോലെ
ക്ലീഷെ ആണ്

അപ്പുറത്തെ ക്ലാസിലെ
പാടുന്ന കൂട്ടുകാരന്
കൊടുക്കാൻ അവളത്
ഇൻസ്ട്രമെന്റ് ബോക്‌സിൽ വയ്ക്കുന്നു

അടുത്ത തലമുറയെ
വാർത്തെടുക്കാനുള്ള തിരക്കിൽവച്ച്
ഏതോ ടീച്ചർ അതു കണ്ടുപിടിക്കുന്നു

സ്റ്റാഫ് റൂമുകൾ
കോടതികൾ വീടുകൾ
അതിന്റെ തുടർച്ച ആ ഇടത്തിൽ
പൂമ്പാറ്റകളുടെ പ്രേതശ്മശാനത്തിൽ
അവളുടെ കുഞ്ഞു കലാഹൃദയവും കുഴിച്ചിടുന്നു

പ്രണയത്തിന്റെ അപനിർമ്മാണം പോലെ
ആകാശം സ്റ്റോർ റൂമിലെ ഇരുട്ടിലേക്ക് എറിയപ്പെടുന്നു

പിന്നീട്, നൂറ്റാണ്ടുകളുടെ
പൊടിപടലങ്ങളിൽ നിന്ന്
ഏതോ നന്മമരമായ അദ്ധ്യാപകൻ
ആകാശത്തെ തട്ടിക്കുടഞ്ഞ് മോചിപ്പിക്കുകയും
ആരും കാണാതെ
നാലായി മടക്കി
പോക്കറ്റിൽ ഒളിപ്പിക്കുകയും ചെയ്യുന്നു

പ്രണയ സല്ലാപത്തിന്റെ
ആദ്യനാളുകളിൽ
എപ്പോഴെങ്കിലും അയാളത്
കാമുകിക്ക് കൈമാറും.


The poem reflects on the transient nature of love, innocence, and loss revealing the cyclical and often unnoticed transformation of emotions and experiences through time.


Related Articles