ഇലകളിൽ കാറ്റിന്റെ ദൃശ്യാവിഷ്കാരം,
ഇടതൂർന്നു മിഴി മറിയും നാട്യഭാവം..
നോക്കുന്നതില്ല നിന്നെയെന്നറിയിയ്ക്കാൻ
നോക്കാതെ നോക്കുന്ന നോട്ടപ്രമാണം..
ഇലകളിൽ നിന്നെനിക്കടർന്നു വീഴാൻ
നിൻ്റെ മിഴികളില്ലല്ലോ എന്നൊരു തുള്ളിയുടെ വിലാപം
ഇരു കരകളിലതിമൗനം നാം
നീയെന്നിൽ ഒടിച്ചു കുത്തിയ മൗനം
ഞാൻ നിന്നിൽ മുളച്ചു പൊന്തിയ മൗനം
നീയെന്നിൽ തിളച്ചു തൂവിയ മൗനം
ഞാൻ നിന്നിൽ അടച്ചു വെന്ത മൗനം
നനുത്ത മണ്ണിൻ
പ്രതലത്തിലെന്നെ
വരച്ചെടുക്കുവാൻ
ശ്രമിച്ചു നീയെങ്കിലും
കറുത്ത കാറ്റിൻ
കരിയിലപ്പക്ഷികൾ
തുടച്ചുമൂടിക്കളഞ്ഞില്ലെയിന്നലെ,,,,
