ഒരിക്കല്‍ കൂടി

Poem

ഒരിക്കല്‍ കൂടി


പടിക്കെട്ടിലൊരു കോണില്‍
കിതപ്പാറ്റിയിരിക്കുന്നു വൃദ്ധ
ചാരി വെച്ച മുളവടിയ്ക്കുള്ളില്‍
കാറ്റ് പുറത്തേക്കായുന്നു

ആരോടൊക്കെയോ കലമ്പി
ഉച്ചമയക്കത്തിലേക്കാണ്ടതേയുള്ളു
ഉണര്‍ന്നപ്പോള്‍
(ഉണര്‍ന്നില്ലെന്നവര്‍ അടക്കം പറയുന്നു)

ഇതാ!
മലര്‍ക്കേ തുറക്കുന്നു, വെളിച്ചമിരമ്പിയെത്തുന്നു

പോക്കുവെയില്‍ തടയാനെന്ന പോല്‍
ഇറയത്തിരിക്കുന്നുണ്ടയാള്‍
നീട്ടി വിളികളില്ല, ഇടിമുഴക്കമില്ല
പരിഭവമില്ല, ശൂന്യമായ നോട്ടങ്ങളേയുള്ളിനി


Related Articles