ഒരേ ദിവസം കാലൊടിഞ്ഞ രണ്ട് ചങ്ങാതിമാർ

Poem

ഒരേ ദിവസം കാലൊടിഞ്ഞ രണ്ട് ചങ്ങാതിമാർ


ഒരു നായയുമായുള്ള
അഭിപ്രായവ്യത്യാസം
ഒരാളെ ബൈക്കിൽനിന്ന് മറിച്ചിട്ടു.
ഒരു വളവും രണ്ട് ലാർജും ചേർന്ന്
മറ്റൊരാളെയും.
അങ്ങനെ അവർ
ഒരേ ആശുപത്രിയിലെ
ഒരേ വാർഡിൽ
തൊട്ടടുത്ത കട്ടിലുകളിലെത്തി.

ജീവിതത്തിൽ
രണ്ട് രാഷ്ട്രീയം പറഞ്ഞവർ,
ഒരേ പെണ്ണിനെ
രണ്ട് വഴികളിലൂടെ
പ്രേമിച്ചവർ.

എന്നിട്ടും അവർ
ചങ്ങാതിമാരായിരുന്നു.
എക്‌സ്-റേകളിൽ
അവരുടെ ഒടിവുകൾ പോലും
ഏതാണ്ട് ഒരേ സ്ഥലത്തായിരുന്നു.

പ്ലാസ്റ്ററിട്ട കാൽ
അൽപ്പം ഉയർത്തിപ്പിടിച്ച് 
നായ ചതിച്ചവൻ ചോദിച്ചു:
"നമ്മളിൽ ആരാണ് ആദ്യം വീണത്?"
വളവും ലാർജും ചേർന്ന്
കാലൊടിച്ചവൻ പറഞ്ഞു:
"ഭൂമിയാണ്."
വാർഡിലെ ഫാൻ അത് കേട്ട്
കറങ്ങിക്കറങ്ങിച്ചിരിച്ചു.


Related Articles