ഓറഞ്ചുമഴ

Poem

ഓറഞ്ചുമഴ


വല്ലാത്ത ചൂടായിരുന്നു. ചൂടെന്നോ, ഉഷ്ണമെന്നോ, പുഴുക്കമെന്നോ-കൃത്യമായ വാക്ക് ഏതാണെന്നറിയില്ല. വിയർത്തൊഴുകി. ഷർട്ട് ദേഹത്തോട് ഒട്ടിയിരുന്നു; ഷർട്ടും ദേഹവും വേർതിരിച്ചറിയാനാവാതെ. ഏകദേശം നാലരയ്ക്ക്, ഈ വർഷത്തെ നൊബേൽ സാഹിത്യപുരസ്കാരം ആർക്കെന്നറിയാൻ ഗൂഗിൾ വാർത്തകൾ തുറന്നുനോക്കുമ്പോൾ ആകാശത്തിന് ഒരു പ്രത്യേക നിറമായിരുന്നു-ഓറഞ്ച്. പഴക്കടയിലെ ഓറഞ്ചുകൾക്കിടയിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത നിറം. മഞ്ഞയുമല്ല, ചുവപ്പുമല്ല, വിളിച്ചുതീർക്കാവുന്ന ഓറഞ്ചുമല്ല. ചിലതങ്ങനെയാണ്. മനസ്സിലാക്കാനാവില്ല; അനുഭവിക്കാനാവും. ജോലി കഴിഞ്ഞ് ഞങ്ങളൊരുമിച്ച് വീട്ടിലേക്കു മടങ്ങുമ്പോൾ ദൂരെ ഒരു പുകക്കുഴൽ കരിനിഴലുകളെ ധൂമരൂപത്തിൽ തുടർച്ചയായി തുപ്പിക്കൊണ്ടിരുന്നു. കുഴൽവായിൽ കട്ടപിടിച്ച പുക മുകളിലേക്കുയരുന്തോറും പടർന്നു നേർത്തുവന്ന് ഒന്നുമല്ലാതായിത്തീരുന്നു. മഴയുടെ മണംപോലുമില്ല. എന്നിട്ടും അന്തരീക്ഷം പതിവുപോലെയായിരുന്നില്ല. പറയാനാവാത്തൊരു കയ്പുരസം. എന്തോ വ്യത്യാസം. മഴ വരാനിരിക്കുകയായിരുന്നു. വീട്ടിലെത്തിയിട്ടാണ് ഞങ്ങൾക്കിടയിൽ മഴ പെയ്തത്. ജീവിതത്തെക്കുറിച്ചുള്ള ചില കനത്ത സത്യങ്ങൾ, അളന്നുമുറിച്ച വാക്കുകൾ, മുറിച്ചുമാറ്റാനാവാത്ത ചിലത്, അറിയാത്ത സങ്കടങ്ങൾ, ഒക്കെയും അണപൊട്ടിയൊഴുകി. വാക്കുകൾ കിട്ടാതെ പോയി. ഞങ്ങളിൽനിന്ന് ഓടിയൊളിച്ച വാക്കുകൾ ദൂരെയുള്ള പുകക്കുഴലിലേക്ക് നുഴഞ്ഞുകയറാൻ നോക്കി. ചിലത് കയറാനാവാതെ വീണു. മറ്റു ചിലത് പുകയോടൊപ്പം മേഘങ്ങളില്ലാത്ത ഓറഞ്ചാകാശത്തേക്കുയർന്ന് കൽപ്പകത്തൊണ്ടുകളായി. നിറഞ്ഞ കണ്ണുകളോടെ ഞങ്ങളത് നോക്കിയിരുന്നു. കവിതയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അവൾ പറയും-അർത്ഥമറിയാതെ കവിത ആസ്വദിക്കാനാവില്ലെന്ന്. എനിക്കു പറയാനുള്ളത് മറ്റൊന്നാണ്. കവിത മനസ്സിലാക്കുക എന്നൊന്നുണ്ടോ? ഒറ്റവായനയിൽ ഉള്ളിൽ സംഭവിക്കുന്നതെന്തോ, അതല്ലേ കവിത? അർത്ഥത്തെക്കാൾ അനുഭവത്തിന് പ്രാധാന്യം നൽകി വീണ്ടും വായിക്കുമ്പോൾ കവിത മറ്റൊന്നായി തെളിയണം. ഓരോ വായനയിലും അതേ അനുഭവത്തിൽനിന്ന് വഴുതിമാറുന്ന, ഇതുവരെ അറിയാത്ത പുതിയതെന്തോ ബാക്കിയുണ്ടാവണം. കയ്പും മധുരവും ഒരേ രുചിയിൽ. നൊബേൽ പ്രഖ്യാപനം അറിഞ്ഞപ്പോൾ ഇന്നത്തെ ആകാശം അതിനു ചേർന്നതാണെന്ന് എനിക്കു തോന്നിയിരുന്നു. എല്ലായ്‌പ്പോഴും നമുക്കൊപ്പം പലതുമുണ്ടാവണമെന്നില്ല. എന്നാൽ നമ്മൾ കടന്നുപോകുന്ന ഓരോ അനുഭവത്തിനൊപ്പവും നാം കാണാതെ പോകുന്ന പലതുമുണ്ട് ചുറ്റിലും. പുറത്തും മഴ പെയ്യുന്നുണ്ടായിരുന്നു. പെയ്യുന്നതുകൊണ്ടുമാത്രം തിരിച്ചറിയാനാവാത്ത മഴ. ഓറഞ്ചിൽ മഴ കാണാൻ എളുപ്പമല്ല. ഓറഞ്ചുപഴത്തിന്റെ പുറത്തെ വിയർപ്പുതുള്ളികൾ കാണാം. കവിളിലൂടെ ഇറ്റുവീഴുന്ന കണ്ണീരും. അനങ്ങാതിരിക്കുന്ന ഒരാളുടെ നെറ്റിയിൽ ഒട്ടിയിരിക്കുന്ന വിയർപ്പുകണങ്ങളും. ഞങ്ങൾക്കിടയിലെ മഴ പെയ്തുതോർന്നിരുന്നു. ഇനി കുളിർമഴയുടെ നേരം. ആലിംഗനത്തിൽ ചിരികൾ തികട്ടിത്തുടങ്ങി. കുറച്ചുമുമ്പ് ഓടിപ്പോയ വാക്കുകളെ തിരിച്ചുവിളിക്കാതെ ഞങ്ങൾ അടുത്തിരുന്നു. മൗനം നിർലോഭം, ആനന്ദപൂർവ്വം ദുർവിനിയോഗിച്ചു. അപ്പോഴാണ് ഞാനൂരിയിട്ട ഷർട്ടിൽനിന്ന് ഒരു കറുത്ത എട്ടുകാലി പുറത്തേക്കോടിയത്. വലുപ്പം ചെറുവിരൽത്തുമ്പോളം മാത്രം. എനിക്ക് എട്ടുകാലികളെ പേടിയാണ്. ഞാനും പേടിച്ചോടി. അവൾ ചിരിച്ചു. “പേടിക്കേണ്ട” എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. പേടിത്തൊണ്ടനെന്നു വിളിച്ച് നീട്ടിയ കൈ പിടിച്ച് ഞാൻ എന്റെ ധൈര്യം തിരിച്ചുപിടിച്ചു. ദൂരെ പുകക്കുഴൽ തുപ്പിത്തീർക്കുകയായിരുന്നു. ഓറഞ്ച് ആകാശം വയലറ്റാവാൻ തുടങ്ങിയിരുന്നു. ധൈര്യം സംഭരിച്ച് ഞാൻ തിരിച്ചുവന്നു. പ്രിയപ്പെട്ടവൾക്കൊപ്പം ഇരുന്നു. എട്ടുകാലി ബാൽക്കണി ഭിത്തിയുടെ അറ്റത്തേക്ക് നടന്നുചെന്ന് കണ്ണെത്താത്ത അപ്പുറത്തേക്ക് പോയ്മറഞ്ഞു. ഞങ്ങൾ സൊറ തുടങ്ങാനിരിക്കെ ബാക്കിനിന്ന ഗൗരവം കൂടി ആ കാഴ്ചയിൽ ഒറ്റയടിക്ക് ചെലവായിത്തീർന്നു. ചിലതങ്ങനെയാണ്. മനസ്സിലാക്കാനാവില്ല; അനുഭവിക്കാനാവും.

Summary: Orangemazha, poem by Suraj Rajesh Chelattu


Related Articles