ആ ഹോട്ടലിന്
ഊണിനപ്പുറം മറ്റൊരു ലോകമില്ല
ഊണിന് തിരിച്ചും.
എല്ലാം പാകമായി കഴിയുമ്പോൾ
സ്വൽപ്പനേരം ആവിയുടെ
പശ്ചാത്തലത്തിൽ വെറുതെ പരസ്പരം നോക്കി നിൽക്കും.
ഊണും ഹോട്ടലും
തമ്മിലുള്ള ബന്ധം
മൽസ്യങ്ങൾ, പച്ചക്കറികൾ
കത്തി എരിവ് ഉപ്പ് പുളി
ഡസ്ക്കുകൾ കസേരകൾ
എന്നിവയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും
അവർക്കിടയിലെ ലോകം ഇതൊന്നുമല്ലെന്ന്
ആ പേരുകളുടെ നിത്യത
ആരും കാണാതെ
വിളമ്പിവയ്ക്കുന്നു.
അത് അവിടിരുന്ന് കഴിക്കാൻ
സ്വർഗത്തിൽ നിന്നും നരകത്തിൽ നിന്നു പോലും
ആളുകൾ വരുന്നുണ്ടെന്നാണ് കേൾവി.
ഒരേമ്പക്കത്തിൻ്റെ ഒറ്റത്താളത്തിലാവണം
അവരൊക്കെ വന്ന് പോകാറ്
