മലയോരത്തെ
ആ ചെറുവീട്
എനിക്ക് മറക്കാനാവില്ല
ചരിഞ്ഞ മേൽക്കൂരയിൽ
പടർന്നു കിടക്കുന്ന
വള്ളിച്ചെടിയിൽ
നിറയെ മഞ്ഞപ്പൂക്കൾ.
വീടിനു ചുറ്റും അറിയുന്ന, അറിയാത്ത ചെടികൾ.
എല്ലാത്തിലും പൂക്കൾ....
മുറ്റത്തൊരു കോണിലെ മാവിൻ്റെ ചില്ലയിൽ
നീ എനിക്കായി കെട്ടിത്തന്ന ഊഞ്ഞാൽ.
എത്ര നേരമാടിയാലാണ്
മതിവരിക....
നമ്മളൊന്നിച്ച് ഒരു പൗർണമി രാത്രിയിൽ
ഊഞ്ഞാലിലിരുന്നത് ഓർക്കുന്നുവോ?
രാവ് തീരുവോളം നമ്മൾ പരസ്പരം ലാളിച്ചും കൊഞ്ചിച്ചുമിരുന്നു..
ഊഞ്ഞാൽ പതുക്കെ ആടി.
ജലപാളികളുടെ ഇഴകൾ വേർപെടുത്തുന്നതു പോലെ എന്ന്
ഞാൻ ആ നിമിഷങ്ങളെക്കുറിച്ച്
ഇപ്പോൾ ഓർക്കുന്നു.
കരുണയുടെ ഹിമാലയങ്ങളിൽ നമ്മൾ പർവതാരോഹകരായി.
കൊടുമുടിയേറി
കൊടി നാട്ടി നമ്മൾ മന്ത്രിച്ചു:
പ്രേമം ജയിക്കട്ടെ!
