നിശ്ചലത

Poem

നിശ്ചലത


ചുവരിലെ ബാറ്ററി നിന്നുപോയ 
ക്ലോക്ക് പോലെ എന്റെ 
അപകർഷ ബോധം.
ആളുകളുടെ നോട്ടം, അതിന്റെ ചടപ്പ്.

ഒറ്റയ്ക്ക് നീങ്ങാൻ പറ്റാത്ത സാധു-
വെന്ന സഹതാപം
നിരന്തരമായ ചലനത്തിന്റെ അടയാളങ്ങളെ പാടെ തട്ടി നീക്കുന്നു.

നിങ്ങളെത്ര ഓടിയെന്ന്
നിങ്ങളുടെ കിതപ്പെണ്ണാൻ
നിങ്ങളുടെ ചെവികളേയുള്ളുവെന്നേ,
തൊട്ടു നോക്കാൻ നിങ്ങളുടെ തന്നെ കൈകളും.

തൊട്ടും അകന്നും
മൂന്നുപേർ ജീവിച്ച 
ജീവിതത്തിന്റെ നിശ്ചലതയെ
മഹാശൂന്യതയെന്ന് വിളിക്കരുത്.
ഒരു കാലത്തിന്റെ കണക്കെടുപ്പിൽ
കറങ്ങുന്ന ക്ലോക്കിന്റെ
പ്രദർശനതയോളം
ട്രംപ്പീസ്കളിയിൽ നിങ്ങളെ വീഴാതെ നിർത്തിയത് മറ്റെന്ത്?


Related Articles