ചൂട്ചായ ചുണ്ടോട്ചേർക്കുമ്പോൾ
ഞാനുറുമ്പുകളെ തിരയും .
വിരൽതുമ്പുകൊണ്ടൊരുതുള്ളി
പങ്കുവെയ്ക്കും.
ഇതിനേക്കാൾ മധുരം നിന്റെ
ചുണ്ടിനാവുമെന്ന് പറയുമ്പോൾ
അറിയാതൊരു നെടുവീർപ്പെന്നിൽ
ഉയർന്നു താഴും.
കാലൊച്ച കേൾക്കുമ്പോഴേക്ക്
തടിയൻപൂച്ച ഓടിവരും.
ചേർന്നുരുമ്മി ചൂടുപറ്റി ഇക്കിളികൂട്ടും.
അപ്പോഴെനിക്കവനെ ഓർമ്മവരും.
നീലിച്ചചുംബനങ്ങൾ ചത്തുപൊന്തും .
മുഴുത്തൊരുമീനിനെ പൂച്ചക്കിട്ടുകൊടുത്ത്
ധൃതിയിൽ ഞാനകത്തേക്കു പോകും.
സ്വീകരണമുറിയിലെ
അലകളില്ലാത്തകണ്ണാടിക്കൂട്ടിൽ
എന്റെ കണ്ണിൽനോക്കിയിരുന്ന്
കടൽരഹസ്യങ്ങൾ പറയുന്നൊരു
സ്വർണ്ണമത്സ്യമുണ്ട്.
അവൾക്കെപ്പോഴും വിഷാദ ഭാവമാണ്.
നിന്റെ കണ്ണോളം ആഴമില്ലെന്റെ
കടലിനെന്ന് കണ്ണുചിമ്മിയവൾ പിടയും.
കിടപ്പുമുറിയിലേക്ക് അനുവാദം
ചോദിക്കാതെ വരുന്നൊരു
കറുത്തപക്ഷി,
നെറ്റിയിൽ ചുവന്നപൊട്ടുള്ളവൾ.
എന്റെ നെറുകിലെ അയാളുടെ
അടയാളംപോലെ.
എന്നെപ്പോലെയല്ല ചിറകുള്ളവളാണ്.
അവളെ കാണുമ്പോൾ
എന്റെ ആകാശമവിടെ വീണുകിടക്കും.
അതിൽചവിട്ടി അയാൾ നടക്കും.
