നിശാപതി

Poem

നിശാപതി



തികവിലാണീ ചന്ദ്രൻ.
നാം കാണുന്നതോ,
നെടുകെപ്പൊളിഞ്ഞോ
നഖപ്പൊളിപോൽ പിളർന്നോ
ഒരു ഛിന്നരൂപിയെ.

അവനോ, രാവിന്നധിപൻ.
ചെങ്കോൽമുദ്രയായ് മണ്ണിലെല്ലാം
നിലാവിനെ പതിപ്പിക്കുന്നു;
ഏതാണു നിൻ രാജ്യ വിരിപ്പ്,
വാനമോ ഭൂമിയോ'യെന്ന്
പ്രജകൾ നാം ചോദിക്കേ

നിലാച്ചിരി ചിരിക്കുന്നു.
ചിലപ്പോൾ പൂത്തു വിടരുന്നു
ഋതു മാറ്റംപോൽ മുദ്ര മാറ്റുന്നു
ശാന്തവും കരുണവും
നിന്നിലെ രസാമൃതങ്ങൾ
ശീതളത നിനക്കു നെറ്റിക്കുറി.

ചിലനേരം നീ നിശൂന്യൻ
കൂരിരുട്ടിൻ പാഠം പഠിപ്പിക്കുന്നു
ഇരുളിനെ കണ്ട് ഞങ്ങൾ
വെളിച്ചത്തെ ഗാഢമോർക്കുന്നു.

വാനമേലാപ്പിൽ നിനക്കുപാസിക്കാം
പ്രിയങ്കരങ്ങളെ;
പുണരാം പരമങ്ങളെ.
നിന്റെ കൺപുറ,ത്തെല്ലാ
പ്രത്യക്ഷങ്ങളും.

സൂക്ഷ്മങ്ങളെ പിഴിഞ്ഞ്
കാരണങ്ങളെയും പിഴിഞ്ഞ്
നുകരുന്നുണ്ടാവാം നീ
അവയിലമർന്ന
നാലാം നിലയിലെ തുരീയനെ.

അതാവാമിത്ര സ്വാസ്ഥ്യം,
മിഴിയിളക്കങ്ങളില്ലാത്ത
ശുദ്ധനില നിന്നിൽ.
അപ്പോഴും ചില മാത്രകളിൽ നിന്റെ
പ്രാണത്തിരിനാളം
തെല്ലുയർത്തുന്നു നീ

ഏതോ രാവിന്നിറമ്പത്ത്
ഏതോ രാഗസുധ കേട്ടിട്ടെന്നോണം
ഏതോ നിശാഗന്ധിയെ
കണ്ടു പോയിട്ടെന്നോണം
പൗർണമി നിന്നിൽ,
പരിമളം നിന്നിൽ.

നീ തുടുക്കുന്നു,
ശാന്തത്തിൽ നിന്നു തെല്ലുണർന്ന്
യിരിൻ പരമമാം തുടിയിലേക്ക്...

A contemplative poem that unravels the timeless mystery of the moon, weaving its silvery glow, hidden depths, and silent influence into verses that evoke wonder, longing, and the eternal bond between celestial beauty and human imagination


Related Articles