ചോർന്നൊലിച്ചുപോവാതെ
ഒരു മേൽക്കൂര പൂട്ടിയിട്ടുണ്ട്
ഈ മേലകത്തിലെ
ഉള്ളാന്തലുകൾക്കുള്ളിൽ
ഓട് വെച്ചും കീഴേ
വാർപ്പ് കെട്ടിയും
പിന്നെ
മര അഴികൾ ചാർത്തിയും
എങ്കിലും,
മേൽക്കൂരയിൽ ഇനിയും
പണിതീരാനുണ്ട്.
കാർമേഘ കൊറ്റികൾ
പതുപതേ മിന്നുന്ന
ആകാശവില്ലിൽ
തുറിച്ച്‌നോക്കാനൊരു കണ്ണ് നടാനുണ്ട്.
ഇരുമ്പിൻ രാശിയുള്ളൊരു
മൂക്കും പിടിപ്പിക്കാനുണ്ട്.
ആയുസ്സ് വലിപ്പത്തിൽ
മഴവില്ലൊരുക്കുന്ന
ആത്മാവും നാട്ടാനുണ്ട്.
എന്നിട്ടും,
വെട്ടമണഞ്ഞ ഓട്ടുവിളക്കിൽ
ഊറിയൊഴുകുന്ന
മെഴുകുതിരിയടയാളം
മേൽക്കൂരയ്ക്ക്
താഴേയുണ്ട്.
കൈത്തണ്ട രണ്ടിലും
ചൂഴ്‌ന്നൊഴുകുന്ന
രണ്ടു വാതിലുകൾ.
ഏതു പാതിരാവിലും
വഴിതെറ്റിയോടാതെ
പ്രകാശസഞ്ചാരമാവുന്ന
ധ്യാനസന്ധികൾ.
മേൽക്കൂരപ്പൂട്ട് തുറക്കേണ്ട;
കേറിയുമിറങ്ങിയും
ആവലാതി വവ്വാലുകൾ
ഇണചേർന്ന്
മയങ്ങുന്ന
മേലകങ്ങൾ...
ചാറ്റൽമഴത്തുള്ളികൾ
കുടഞ്ഞെറിഞ്ഞ
നിലാവിന്റെ നീലഞരമ്പുകൾ...!!
A poem penned by K.V. Sumithra about an unfinished inner roof that shelters the soul, where light, longing, and quiet awakenings gently move within.
