നിലവിളി പച്ചകുത്തിയ റെയിൽപാളത്തിൽ

Poem

നിലവിളി പച്ചകുത്തിയ റെയിൽപാളത്തിൽ


രു തീവണ്ടിക്കും സ്റ്റോപ്പില്ലാത്ത
ഏകാന്തത പച്ചക്കൊടിയേന്തിനിൽക്കുന്ന
ആ സ്റ്റേഷനിലിരുന്ന്
പേനയും കടലാസുമില്ലാതെ
ആത്മഹത്യാക്കുറിപ്പ് പൂർത്തിയാക്കുന്നു.
സിമന്റുബെഞ്ചിൽ
ആരോ ഇരുന്നതിൻ ചൂട്
അയാൾ മറന്നുവെച്ചൊരു മിടിപ്പ്
അവസാനം കേട്ട പാട്ടിലെ വരികൾ
കൈവിരലിൽ നിന്നുമിറ്റിയ താളം
നിലവിളി പച്ചകുത്തിയ റെയിൽപാളത്തിൽ
നിഴലാദ്യം വട്ടം കിടക്കുന്നു.
കയറിയിറങ്ങുന്നൂ
ഉച്ചക്കുള്ള വണ്ടി.
പണ്ടെന്നോ തലവെച്ചവന്റെ ചോര
നിഴലിന്റെ ഉടുപ്പിൽ 
സൂര്യകാന്തിപ്പൂവായ് തിളങ്ങുന്നു.

ഏകാന്തത കൂട്ടിരിക്കുന്നു
രാത്രിവണ്ടിയുടെ സമയമാകുന്നു
നിഴലിപ്പോൾ
പാളത്തിൽ തലവെച്ച
എന്നെയും നോക്കി
അൽപം മാറിനിന്ന്
ആത്മഹത്യാക്കുറിപ്പ് വായിക്കുന്നു.
ആത്മഹത്യാക്കുറിപ്പിലെ വരികളിൽ
അക്ഷരത്തെറ്റിന്റെ തീവണ്ടിപ്പാത.
പാളംതെറ്റിയ വാഗണുകൾ പോലെ
കുഴമറിഞ്ഞ വാചകങ്ങൾ.
തീവണ്ടിയുടെ നിഴൽ മാത്രം
കൂക്കിവിളിച്ച് ആർത്തുവരുന്നു,
ദേഹത്തൂടെ കയറിയിറങ്ങുന്നു.
പൊതിഞ്ഞുകൊണ്ടുവന്ന നിലവിളി
തൊണ്ടയിൽ മീൻമുള്ളായ് കുടുങ്ങുന്നു
ഹൃദയമുറിവിൽ 
മരുന്നുവെക്കാമെന്ന് 
ഉടമ്പടിവയ്ക്കുന്നൂ നിഴൽ.

പുലർച്ചവണ്ടിയുടെ 
കൂക്ക് കേൾക്കുന്നു
നിയോൺ വെളിച്ചത്തിൽ
നിഴലില്ലാത്തൊരു പുലർച്ചവണ്ടി
നിലാവിന്റെ തട്ടമിട്ട്
ഇന്നേവരെ ഒരു തീവണ്ടിയും നിർത്താത്ത
ഇതേ സ്റ്റേഷനിൽ വന്നുനിൽക്കുന്നു
ആദ്യമായി ഞാൻ
തീവണ്ടിയിൽ കയറുന്നു.


Related Articles