നീ പുഴയെന്നെഴുതുമ്പോൾ!

Poem

നീ പുഴയെന്നെഴുതുമ്പോൾ!


നിനക്കു പുഴയെന്നാൽ—
ഇര വിഴുങ്ങി
മിണ്ടാണ്ടു മാണ്ടുറങ്ങുന്ന,
ചില നേരങ്ങളിൽ
അരിശത്തോടെ
തലയും വാലുമിളക്കിച്ചീറ്റുന്ന
ഉഗ്രരൂപിയാമൊരുരഗം!

നിന്റെ രാത്രികൾക്ക്
നിറങ്ങളായിരം,
പകലുകളോ തീർത്തും വിരസം!
നീ മയങ്ങുമ്പോൾ
നിൻ നിഴൽ
ലോകസഞ്ചാരത്തിൽ,
ഉണർച്ചയിലോ
നീ ഇരുട്ടറയിലെ
മരവിച്ചൊരു കൽപ്രതിമ.
അപ്പോഴും,
നിന്റെ നിശ്വാസത്തിന്
എന്തൊരു വേഗം!

മനസ്സിനെ മത്തുപിടിപ്പിക്കും
കവിത തൻ മുന്തിരിച്ചാറാണ്
നിൻ സിരകളിൽ
പതഞ്ഞൊഴുകുന്നതെന്ന് ചിലർ.
എന്നാൽ,
എനിക്കു നീ വെറും കവിയല്ല
വാക്കുകൾകൊണ്ട് മായാചിത്രങ്ങൾ തീർക്കുന്ന
ഒരു ജാലവിദ്യക്കാരൻ!

അതുകൊണ്ടാവാം,
നീ പുഴയെന്നെഴുതുമ്പോൾ
മരങ്ങൾക്കിടയിലൂടെ
കടലിനെ ലാക്കാക്കി
വളഞ്ഞുപുളഞ്ഞിഴയുമൊരുഗ്രരൂപിയാമുരഗത്തെ
ഞാൻ കാണുന്നത്!
അതിന്റെ ഹൃദയമിടിപ്പ്
കാതുകളിൽ മുഴങ്ങുന്നത്!

Summary: Nee Puzhayennezhuthumbol


Related Articles