നിന്റെ സൗഹൃദത്തോളം തണലേകിയ മറ്റൊരു മരവും
എൻ്റെ ഹൃദയത്തിൻ്റെ പാതയോരത്ത് ഞാൻ നട്ടുവളർത്തിയിട്ടില്ല..
നിന്റെ പുഞ്ചിരിയെക്കാൾ മനോഹരമായ മറ്റൊരു വസന്തവും
എൻ്റെ ഹൃദയാരാമത്തെ അലങ്കരിച്ചിട്ടില്ല..
നിന്റെ വാക്കുകളുടെ പുഴ ഒഴുകിയ വഴിയിലൂടെയല്ലാതെ
എൻ്റെ കാൽപ്പാദങ്ങൾ സഞ്ചരിച്ചിട്ടില്ല..
നിന്റെ സ്നേഹത്തിൻ്റെ കൽപ്പടവുകളിലാണ്
എൻ്റെ സങ്കട മഴകളൊക്കെയും വീണുടഞ്ഞത്..
നിന്റെ മൗനത്തിലാണ് എൻ്റെ ശ്വാസഗതിയുടെ
നേർത്ത താളം അലിഞ്ഞില്ലാതായത്..
നിന്റെ വേനലിന്റെ തീജ്വാലകളിലാണ്
എന്റെ ഹൃദയത്തിന്റെ ചുവപ്പ് ഞാൻ പകർന്നത്..
ഞാനില്ലാതാകുന്ന നിമിഷത്തിന്റെ പൂർണ്ണതയിൽ
നിന്റെ മിഴിത്തുമ്പിലൊരു ജലബാഷ്പമായി പുനർജനിക്കുവോളം
ഞാനെന്റെ യാത്ര തുടരുന്നു, ഓർമ്മകളുടെ ചില്ലയിലേക്ക്..
