ഒന്ന്
അടുത്ത കാലത്തായി യുദ്ധത്തെ അറിഞ്ഞ,
എന്നാൽ അതൊന്നും പ്രതിഫലിപ്പിക്കാത്ത
ഒരു നഗരത്തിൽ,
ചാരനിറമാർന്ന ആകാശത്തിന് കീഴെ
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ,
ചില വാക്കുകൾ നിങ്ങളുടെ വായയ്ക്ക്
അസാദ്ധ്യമായി തോന്നും;
അത്യാഹിതം; അത്യാഹിതം, ആവശ്യത്തിലേറെ-
അത്യാഹിതമായി മാറിയിരിക്കുന്നതിനാൽ,
ആ വാക്ക് മാറ്റേണ്ടിയിരിക്കുന്നു.
ഒരു കുറിയ മനുഷ്യൻ
റൊട്ടിയുടെ അടുക്കുകൾ കൂട്ടിവച്ച്,
മേശയുടെ അറ്റത്തിരുന്ന്
ഇനിയും വരാനിരിക്കുന്ന നാളുകളെക്കുറിച്ച്
പിറുപിറുത്തുകൊണ്ടിരുന്നു.
പാർക്ക്ബഞ്ചിൽ പറന്നിറങ്ങുന്ന കൊഴുത്ത
പക്ഷികൾ കണ്ണുകൾ അടച്ചുതുടങ്ങിയിരുന്നു;
ഈയിടെ അവ ആയുധങ്ങളോ
വഴിതടയലുകളോ കണ്ടിരിക്കാനിടയില്ല.
രണ്ട്
നിങ്ങൾക്കെതിരേയുള്ള സ്ത്രീ
ഇനിയുമീയുദ്ധം താങ്ങാനാവില്ല
എന്ന് പറയുമ്പോൾ,
നിങ്ങൾ അവരോട് പറയുന്നു;
ഹിമാലയപർവ്വതദേശങ്ങളിൽ
നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മനുഷ്യരുണ്ട്.
അപ്പോൾ അവർ പറയും: അതുകൊണ്ടായില്ല.
പിന്നെ എന്തുവേണം?
ഒരുപ്ലേറ്റ് ഹമ്മൂസ് അഥവാ തക്കാളിക്കറി.
അതിൽ റൊട്ടി മുക്കുന്ന സുഹൃത്തുക്കൾ.
യഥാർത്ഥസ്‌നേഹം ഉണ്ടാവുന്നതുവരെ
ഞാൻ വിവാഹം കഴിക്കില്ല;
സുഗന്ധപൂരിതമായ അരുവിപോലുള്ള മുടി
പിന്നിലേക്ക് എറിഞ്ഞുകൊണ്ട് അവൾ പറയുന്നു.
ടെക്‌സാസിലെ സർവ്വകലാശാല എനിക്ക്
ചൊവ്വാഗ്രഹംപോലെ വിദൂരമായി തോന്നുന്നു.
കഴിഞ്ഞമാസം ഇരുപത്തിയാറ് ദിവസത്തോളം
അവൻ വീട്ടിൽ തങ്ങി.
അവൻ തിരിച്ചുപോവില്ല.
അവൻ തിരിച്ചുപോവാൻ വിസമ്മതിക്കുന്നു.
അവരിപ്പോൾ, തെരുവിൽ
വായു കടക്കാനുള്ള ദ്വാരങ്ങളുള്ള
ഷൂസുകൾ വിൽക്കുന്നു.
ഒരു യാചകൻ ചിരങ്ങുപിടിച്ച
കാലുകൾ വലിച്ചിഴച്ച്
ഊടുവഴികളിലൂടെ പ്രദർശിപ്പിച്ച് നടക്കുന്നു.
വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റെ
ഏറ്റവും പുതിയ
രൂപങ്ങളെപ്പറ്റി ചർച്ചചെയ്യുന്നു.
വേനൽക്കാലത്ത് ഈ ഭക്ഷണശാല
ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും
ഇന്ന് നമ്മുടെ മേശയിൽനിന്നേ തെരുവിലേക്ക്
പൊട്ടിച്ചിരികൾ എത്തുന്നുള്ളൂ.
നമുക്ക് ഉത്തരം പറയാനാവാഞ്ഞ്
മേശവിരി അതിന്റെ കറുപ്പും വെളുപ്പും
ചതുരങ്ങളാൽ ഒത്തുനോക്കുന്നു.
മൂന്ന്
താഴ്‌വരകളിൽ വെടിവെപ്പുണ്ടാകുമ്പോൾ
കുന്നുകളുടെ ആത്മാക്കൾ
എവിടെയാണ് ഒളിക്കുന്നത്?
കൈയിൽ തോക്കുമായി നിൽക്കുന്ന ഒരാൾ
കയ്യിൽ ബദാംകായകളുമായി
നിൽക്കുന്ന ഒരാളെക്കാൾ
വലിയവനാകുന്നത് എങ്ങനെ?
യുദ്ധം കഴിഞ്ഞതിന്റെ പിറ്റേ ദിവസം
കൈയിൽ അട്ടികൂട്ടിയ തളികകളുമായി ഒരാൾ
തീറ്റയ്ക്ക് മുതിരുന്നത് എന്തുകൊണ്ടാണ്?
ഒരു മേശയ്ക്കുചുറ്റും
മനുഷ്യർ കൂട്ടംകൂടിയിരുന്ന്
ദൈവകൃപയുടെ പേരിൽ പരസ്പരം
പാനോപചാരം ചെയ്യുന്നത് എങ്ങനെയാണ്?
നിനക്ക്: ഇത്രയേറേ ദൂരം താണ്ടിയതിന്
നിനക്ക്: കറുത്ത മേൽവസ്ത്രംധരിച്ച്
ദുഃഖത്തെ അടയാളപ്പെടുത്തിയവൾക്ക്,
നിനക്ക്: ഒരു നഗരത്തെ അതിന്റെതന്നെ
ഓർമ്മയുടെ കുമ്മായക്കൂട്ടുകളാൽ
ബന്ധിച്ചുനിർത്തി,
കണ്ണീരിന്റെ ഭൂപടപുസ്തകത്തിൽ
യഥാർത്ഥസ്‌നേഹം കണ്ടെത്താൻ
കഴിയുമെന്നു വിശ്വസിക്കുന്നവന്,
നിങ്ങൾക്ക്: പണിയുവാനിരിക്കുന്ന നഗരം
ഇപ്പോഴും വെറും സ്വപ്നമാണെന്ന്
വിശ്വസിച്ചുകൊണ്ട്
അങ്ങോട്ടുമിങ്ങോട്ടും
ചലിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്ക്,
അവന്: ഹൃദയത്തിൽ ആകാശവും
പറവകളുമുള്ളവന്;
ഈ സ്ഥലം പാർക്കിന്
യോജിച്ചതാണെന്ന് പറഞ്ഞവന്!
