തീരെ കുഞ്ഞായിരിക്കവേ അവന്റെ നഖം മുറിച്ചുമാറ്റുവാൻ
എനിക്ക് എളുപ്പമായിരുന്നു.
അന്നവൻ എന്റെ കൈകൾക്കു പാകമായിരുന്നു.
മുല കുടിക്കവേതന്നെ ഞാൻ അവന്റെ കൈവിരലുകളിൽ നിന്ന്
കൂർത്തനഖങ്ങളെ അടർത്തിമാറ്റി.
അന്നവൻ കൈ പിൻവലിച്ചില്ല.
പ്രതിഷേധിക്കുവോളം വളർന്നിട്ടില്ല..
മുലക്കണ്ണു വായിലാക്കി, മയങ്ങിക്കിടന്നു..
ഇന്നും അവന്റെ ശീലം മാറിയിട്ടില്ല.
ചെന്നിനായകത്തിന്റെ കയ്പ്പ്
ഇഷ്ടമാണമ്മേയെന്നുള്ള കൊഞ്ചലുകൾ
ഒരു കള്ളച്ചിരിയിൽ അവൻ ഒതുക്കി വെയ്ക്കാറുണ്ട്.
ചിരിയുടെ പ്രകാശത്തിൽ എന്റെയുടലുകൾ
പേറുന്ന നഖക്ഷതങ്ങൾ മങ്ങിപ്പോയേക്കും.
എങ്കിലും അവന്റെ പിഞ്ചുവിരൽനഖങ്ങൾ എന്റെ സ്വസ്ഥതയെക്കെടുത്തി.
