അപ്പൻ മരിച്ച ദിവസം
അവൻ വന്നു.
അപ്പന്റെ പഴയ ഫോട്ടോയും
കുറിപ്പുമായി
പത്രങ്ങളിൽ
ചരമക്കോളത്തിലയച്ചു.
മരണക്കാഴ്ചകളുടെ
റീൽസെടുത്ത്
അപ്പന്റെ
കഷ്ട്ടപ്പാടിന്റെ ദിനങ്ങൾ
കഥയാക്കി
നവമാധ്യമങ്ങളിലിട്ടു.
സാന്ത്വനിപ്പിക്കുന്നവരുടെ
മുന്നിൽ
ഗ്ലീസ്സറിൻ തേച്ച
കണ്ണുകൾ സംസാരിച്ചു.
മരണാനന്തര ചടങ്ങുകൾ
പ്രാർത്ഥന
കാപ്പികുടി
വിഭവസമൃദ്ധമാക്കി.
കണ്ണുകൾ ഉണങ്ങാതെയും
മുഖത്ത് ചിരി വീഴാതെയും
ശ്രദ്ധിച്ചു.
ആളും
ആരവവും
ചടങ്ങുകളും കഴിഞ്ഞപ്പോൾ
ചെലവായ കണക്കുകൾ കൂട്ടി
ചെലവായ തുകയ്ക്ക്
അമ്മയുടെ കനപ്പെട്ട
കെട്ടുതാലിയും വാങ്ങി
ഭാര്യയും
മകനുമായി അവനിറങ്ങുമ്പോൾ
ഏകാന്തഭയത്താൽ
അമ്മ ചോദിച്ചു
"ഇനി എന്നാ"?
"ഇതു പോലൊരു ദിവസം വരാം".
