മുടി
വാരിക്കെട്ടുന്നു.
മുന്തിരിവള്ളിയിൽ ചാരിവെച്ച
ചൂലുകൊണ്ടവൾ
റ വട്ടത്തിൽ
മുറ്റം നിറയെ കളങ്ങൾ വരച്ചിടുന്നു.
അതിൽ നിറഞ്ഞും
പിന്നെ നുരഞ്ഞും
പകൽ തുളുമ്പിത്തൂവുന്നു.
കൂമന്റെ മൂളൽ
ചീവീടിന്റെ കാറൽ
രാക്കിളിയുടെ പാട്ട്
തേരട്ടയുടെ തീവണ്ടിവരകൾ.
അടിച്ചൂട്ടിപ്പാള നിറയെ
തലേരാവിന്റെ അവശിഷ്ടങ്ങൾ.
ഉച്ചയ്ക്ക്
അതേ ചൂലുകൊണ്ടവൾ
അവളുടെ വെന്ത നിഴലിനെ
അടിച്ചുവാരുന്നു.
പ്രാന്തിച്ചി! പ്രാന്തിച്ചി!
വേലിചാടിവരുന്ന പുലമ്പലുകളെ,
വേലി തുളയ്ക്കും ഒളിനോട്ടങ്ങളെ
കുന്നോളമുയരത്തിൽ അടിച്ചുകൂട്ടി
തീ കൊളുത്തുന്നു.
ആ വെണ്ണീറുകൊണ്ട്
പകലിന്
കവിളിൽ പുള്ളിയിടുന്നു,
കണ്ണെഴുതുന്നു,
പീലി വരയ്ക്കുന്നു.
അന്തിയാകുമ്പോൾ
ചൂലുകൊണ്ടൊരു കടൽ വരച്ച്
സൂര്യന് മുങ്ങാൻ
ആഴമുണ്ടാക്കുന്നു,
ചൂലുകൊണ്ട്
വരച്ചിട്ടൊരു ചിതയിൽ
പകലൊടുങ്ങാൻ തുടങ്ങുന്നു,
അന്തിച്ചോപ്പ് തൂത്തുവാരി
അങ്ങേ മലയ്ക്കപ്പുറമുള്ള
വേസ്റ്റ് ബിന്നിലേക്കിടുന്നു.
