എത്തിയെന്നോ പടിയ്ക്ക, ലിത്തിരി
പ്പൊറുതി പോലും തരില്ലിനി,
വെകിളികൊണ്ടകത്തേക്കു കാലെ
ടുത്തമറി മുക്കറയിട്ടതും,
കുതറി പിന്നോട്ടൊന്നാഞ്ഞതും
പാദമിടറിമുട്ടിലമർന്നതും,
ഉഴറിയെത്തികിടക്കയിൽ, ചാരു
ബെഞ്ചിലുമ്മറത്തിണ്ണയിൽ,
എടുപിടിയെന്നിറങ്ങുവാൻ പണി
യത്രമേലുണ്ടു തീർക്കുവാൻ.
കനമഴിഞ്ഞൊന്നു ചിതറണമെനി
യ്ക്കൊരുപിടിക്കുന്നിമണികളായ്,
ഒഴുകണം, പാറിപ്പോകണം
ഭൂമിയകലെ നിന്നൊന്നു കാണണം.
കെട്ടുപാടുകളേതുമില്ലാതെ
കയ്യും വീശി നടക്കണം.
മോഹമിങ്ങനെയെത്രയെങ്കിലും
മുന്നിൽ വന്നു വിളിക്കുകിൽ
മേലനങ്ങില്ല, കയ്യൊഴിയില്ല
കാലുടക്കുന്നു ചുറ്റിലും.
സാരിത്തുമ്പുകടിച്ചു നിൽക്കുന്നു
പുള്ളിക്കുത്തുള്ളൊരോമന.
മങ്ങിമങ്ങിക്കറുക്കിലുമിടയ്
ക്കൊന്നുമിന്നും കൊലുസു പോൽ
പെട്ടിയിലുണ്ടു പൊട്ടിയിട്ടും മിനു
ത്തൊരിഷ്ടത്തരിവള.
കഷ്ട! മിങ്ങനെമുട്ടിമുട്ടി വിടാതെ
പിൻവിളി കൂട്ടാതെ
ആ വരാന്തത്തണുപ്പിലേയ്ക്കൊന്നു
മാറിക്കാത്തിരുന്നീടുകിൽ
വാക്കടുപ്പുകെടുത്തി, കൈതുട
ച്ചിന്നു തന്നെ പുറപ്പെടാം.
