അന്തി കറുത്തനേരത്ത് പഴയ പുല്ലുപായ വീണ്ടും കുടഞ്ഞിട്ട് 'പെണ്ണേ വന്നു കിടക്ക്' എന്നവൾ ഉമ്മറത്തേക്ക് നീട്ടിവിളിച്ചു. 'നിലാവ് ചിരിക്കണ കണ്ടോ, പണ്ടുപണ്ടെന്ന പോലെ' എന്ന് ഉമ്മറത്തൂന്ന് കുഞ്ഞിപ്പെണ്ണ്. 'രണ്ടുപെണ്ണുങ്ങളിങ്ങനെ ഒറ്റക്കെത്ര നാൾ?' എന്നെത്ര ചോദ്യങ്ങൾ. ഇടവം നിന്നുപെയ്യുമ്പോൾ ഉള്ളി മൂപ്പിച്ച ചോറിന്റെ മണമോർത്ത് കണ്ണുനിറയ്ക്കുമിന്നും മൂത്തോൾ. കാലുനീട്ടിയിരുന്ന് വീണ്ടുമങ്ങനെ കഥ പറയുമ്പോൾ, നിലാവിൽ, അമ്മ കേറി വരും. 'കർക്കടകോള് കണ്ടിട്ടും പെണ്ണുങ്ങള് ചേട്ടേ കളഞ്ഞില്ലേ, മുറ്റം തേച്ചില്ലേ?' എന്ന് കണ്ണുരുട്ടും. പകുതി ചാരിയ വാതിലും തള്ളിനീക്കി അടുക്കളയിലേക്ക് കെണഞ്ഞോടി ചെല്ലും. കോടി പ്ലാവിന്റെ ചക്കത്തുണ്ടെടുത്ത് വെട്ടിവെടിപ്പാക്കി ഉപ്പും തളിച്ച് എണ്ണേലിടും. അമ്മയില്ലാതായ മുതൽ എണ്ണ പതയ്ക്കുമ്പോഴൊക്കെ ഉള്ളു തിളയ്ക്കും. പൊള്ളിനീറും. പഴയ കലണ്ടറുകളിലൊന്നിന്റെ പിറകിൽ നൈലോൺ പാവാടയിട്ട രണ്ടു പഴയ പെണ്ണുങ്ങളുടെ പടം ഞങ്ങളെ നോക്കി എന്നും ചിരിക്കും. അന്ന് രണ്ടു പെണ്ണുങ്ങൾക്കും കാലിൽ പാദസരങ്ങളുണ്ട്. കൈയിൽ വളകളും. പെണ്ണുങ്ങളുടെ നേർത്ത പുരികങ്ങളിൽ അപ്പപ്പോൾ ഒടിച്ചെടുക്കുന്ന ഈർക്കലകൊണ്ട് നീട്ടി പുരികം വരച്ചിരുന്നു എന്നുമമ്മ. ഓർത്തോർത്തിരിക്കുമ്പോ റേഷനരി തിളച്ചു തൂവിയിട്ടുണ്ടാവും. മൂത്തോൾ രണ്ടു പിഞ്ഞാണങ്ങളിൽ കഞ്ഞി പാർന്നു വയ്ക്കും. കോലായിലെ കാറ്റുകൊണ്ട് കഞ്ഞി കുടിക്കുമ്പോൾ പണ്ടുനാളുകളിൽ മുട്ടിയുരുമ്മിയ പൂച്ച കൂടെ വന്നിരിക്കും. അമ്മയില്ലാതായ ദിവസവും കഞ്ഞി കുടിക്കുമ്പോൾ കോലായിലാകെ കാറ്റു വീശിയിരുന്നു. വിങ്ങിവിങ്ങിക്കൊണ്ടാണെന്ന് മാത്രം. കഞ്ഞിപ്പിഞ്ഞാണങ്ങൾ കഴുകിവച്ച് വാതിലും പൂട്ടി പെണ്ണുങ്ങളിറങ്ങുമ്പോൾ പൂച്ച ഉമ്മറത്തു വീണ്ടും മുട്ടിയുരുമ്മും. പെണ്ണുങ്ങളുടെ കണ്ണുകൾ പൂച്ചയെയും. അവർ വാതിലെന്നും മനഃപൂർവം പാതിയെ ചാരാറുള്ളൂ. വേപ്പിലയും മഞ്ഞളും കടുകും മണക്കുന്ന അടുക്കളവാതിലും ജനലും അടയ്ക്കാറില്ലൊട്ടും.'അമ്മയിനി വീണ്ടും വന്നെങ്കിൽ ശ്വാസം മുട്ടി മരിച്ചു പോവരുതല്ലോ.
Summary: Moovanthikk Moonnu Pennungal, poem by Kavya M
