മൂന്ന് ഒരൊറ്റ സംഖ്യയാണ്

Poem

മൂന്ന് ഒരൊറ്റ സംഖ്യയാണ്


രേ വരിയിൽ നിരതെറ്റാതെയിരുന്നിട്ടും
മൂന്ന് ഒരൊറ്റ സംഖ്യായി തുടർന്നു.
കാഴ്ചയിൽ പൂർണമായൊരു ത്രികോണം
വരകൾ തൊട്ടും അടഞ്ഞും ഭംഗിയായത്.
കൂടുതലടുക്കുമ്പോൾ അദൃശ്യമായൊരകലം
കണക്കിൽ മൂന്ന് എല്ലായ്‌പ്പോഴും രണ്ട് അധികം ഒന്നാകുന്നു.
കളിയും ചിരിയും തമാശകളും പകുത്തപ്പോൾ
ചില സ്വകാര്യങ്ങൾ
ഹരിക്കപ്പെടാതെ ബാക്കിയായ പോലെ
മൂന്നിൽ മുറിയുക എന്നത്
കണക്കിലൊരു നിയമം മാത്രം.
രണ്ടുപേർ ചായും
ഒരാൾ കേൾക്കും
പിന്നെയതു പതിയെ
ഒന്നും മൂന്നുമാകും
രണ്ട്, കാത്തിരിക്കും.
മുഖങ്ങൾ, സംഭാഷണങ്ങൾ
മാറും തിരിയും
വാക്കിൽ രണ്ടുപേർ
മൗനത്തിൽ ഒരാൾ.
പങ്കുവച്ച ചിത്രത്തിൽ മൂന്ന് രഹസ്യത്തിൽ രണ്ട്.
ജോഡിയായും ഒറ്റയ്ക്കും
ഉറക്കെ പറയാത്ത നിശ്ശബ്ദ സമവാക്യങ്ങളായും
മുറിഞ്ഞുപോകുന്നതിന്റെ വിധിയാണ്.

മൂന്ന് ഒരൊറ്റ സംഖ്യയാണ്.

Summary: Moonnu orotta sankhyayanu, poem by Thapasya Ashok


Related Articles