കൂട്ടിനില്ലാതെ ഇനിയും നടക്കണം, പിന്നെ നിൻ
ഓർമ്മ തൻ നിഴൽ വീണ കാട്ടുമൺ പാതയിൽ
വഴി തെറ്റി വീണോരെൻ വിഫല മോഹങ്ങളെ
കണ്ടില്ലയെന്നു നടിക്കണം.
കൂട്ടിന്നിണയായി നീ വന്നതൊക്കെയും
കെട്ടുകഥകളെന്നോർത്തു നടക്കണം.
കൂട്ടിനില്ലാതെ ഇനിയും നടക്കണം
നീ കൂടെയില്ലാതെ, ഇനിയും നടക്കണം.
നിന്നെ ഓർക്കാതെ ഇനിയൊന്നുറങ്ങണം.
നീണ്ട പകലിന്റെ നിശ്വാസമൊക്കെയും
നീയായി വീണുടഞ്ഞതിൻ ശേഷവും
നിന്നെ ഓർക്കാതെ ഇനിയൊന്നുറങ്ങണം.
നീണ്ടു നിവർന്നു കിടന്നൊന്നുറങ്ങണം.
പിന്നെയും നാം തമ്മിൽ പിരിയണം,
പണ്ട്, പങ്കിട്ട പ്രണയത്തിന്നസ്ഥികൾ പലവുരു
മറവിതൻ പുഴയിലേക്കൊഴുക്കണം,
അതിനു മുൻപ് നിൻ വിരലിൻറെ
വിടവിലെൻ വിരലുകൾ കോർക്കണം,
വിറയാർന്ന ചുണ്ടിനാൽ പ്രണയം കൊരുക്കണം,
നിൻ മിഴികളിൽ വീണെന്റെ പ്രാണൻ പിടയ്ക്കണം,
അതിനാഴങ്ങളിൽ മുങ്ങി നിവർന്നു ഞാൻ മുക്തി പ്രാപിക്കണം,
ആത്മാവിന്നാനന്ദ നിർവൃതി പുൽകണം.
വരും ജന്മത്തിലെങ്കിലും നാമൊന്നു ചേരുവാൻ
പിന്നെയും നാം തമ്മിൽ പിരിയണം.
