മിണ്ടാതെ മിണ്ടാതെ
ഞങ്ങൾ രണ്ടു ഭൂഖണ്ഡമായി മാറി.
നീന്തി കടക്കാൻ കഴിയാത്തവിധം
രണ്ട് കടൽ ഞങ്ങളെ ചുറ്റിനിന്നു
മൗനമെന്ന് അവളും സ്നേഹമെന്ന്
ഞാനും ഭൂഖണ്ഡത്തിനു പേരിട്ടു.
ഒന്നായിരുന്ന ഭാഷ രണ്ടായി മാറി
ഋതുക്കൾ കാലം തെറ്റിപ്പൂത്തു
അവളുടെ തോട്ടത്തിൽ
കാണാത്ത മരങ്ങൾ ഇതളിട്ടു
എൻ്റേതിൽ പൂത്ത മരങ്ങൾ ഞെട്ടറ്റു വീണു
പിന്നെ, പിന്നെ വസന്തം വരാതെയായി
ഋതുക്കൾ അഞ്ചെണ്ണമായി.
മരുഭൂമികൾ ഉണ്ടാകുന്നത്
മൗനം കൊണ്ടാണെന്ന്
എൻ്റെ ഭൂഖണ്ഡത്തിൽ പഠിപ്പിച്ചു,
സസ്യങ്ങൾ മുളക്കുന്നത്
സ്നേഹം കൊണ്ടാണെന്നും.
ഓർമ്മയുടെ വെയിലേറ്റ് എൻ്റെ
ഭൂഖണ്ഡം കറുത്തു പോയി,
ആകാശം കാണാതെയായി,
നക്ഷത്രം പൂക്കാതെയായി,
രാപ്പകലുകൾ അറിയാതെയായി,
ദേശാടനക്കിളികൾ വരാതെയായി,
ഓർമ്മയുടെ ഭാരമില്ലാതെ അവളുടെ
ഭൂഖണ്ഡം പൂമ്പാറ്റയായി,
കടലിൽ കണ്ണിലെ ഉപ്പുനീര്
വീണ് വീണ് നിറഞ്ഞ്
എൻ്റെ ഭൂഖണ്ഡം ഒലിച്ചു പോയി.
