മൗനമുദ്രകൾ

Poem

മൗനമുദ്രകൾ


ആ മരത്തിലേക്ക് നോക്കൂ
തീവെയിലിൻ്റെ
നോവേറ്റങ്ങൾക്കിടയിലും
ആഴങ്ങളിൽ
പടർന്ന്
തിരഞ്ഞ്
കണ്ടെടുത്ത
ഒരു സ്നേഹപതാക അത് ഉയർത്തിപ്പിടിക്കുന്നുണ്ട്.

ആ കിളിയെ കേൾക്കൂ
ഗദ്ഗദമൊളിപ്പിച്ച,
നീട്ടിയും കുറുക്കിയുമുള്ള
ആ മൃദുഗാനമധുരിയിൽ
ഇളംകാറ്റ് തുന്നിപ്പിടിപ്പിച്ച
ആർദ്രതയുടെ
മഞ്ഞു കുപ്പായമുണ്ട്.

ആ പുഴയിലൊന്നിറങ്ങൂ
കുളിരിൻ്റെ
കുഞ്ഞു വിരലുകൾ
പുളകമേകുമ്പൊഴും
കാലദേശങ്ങളുടെ
മുൾമരങ്ങൾ
താണ്ടിയെത്തിയ
സ്മൃതികളുടെ
ഉഷ്ണക്കാറ്റ്
ഉള്ളിൽ
തിരയടിക്കുന്നുണ്ട്.

ആ കുഞ്ഞുങ്ങളെ നോക്കൂ
ലോകം,
ദുഃഖങ്ങളുടെ
കട്ടിയിരുൾച്ചിറകുകൾ
നെയ്തുകൂട്ടുന്നതറിയാതെ
പല പല ഭാഷകളിലെ
ചിരിക്കിലുക്കങ്ങളാൽ
ഭൂമിക്ക് ചിന്തേരിടുകയാണവർ.


Related Articles