സമ്പാദിച്ചതിലേറെയും
വേദന മാത്രമായതിനാല്‍
ലോഗൗട്ട് ചെയ്യപ്പെട്ട
ജീവിതമായിരുന്നു, അവന്റേത്.
എത്ര കോരിയാലും
ഉറവ വറ്റാത്ത കിണറുപോലെ
മരിച്ചവന്റെ മുറിയില്‍
മൗനം അടയിരുന്നു.
ഇവിടെയുണ്ടായിരുന്നു
താനെന്നതിന്നൊരു ഫോട്ടോ
ഇന്‍സ്റ്റയില്‍ പോസ്റ്റി
ജീവിതം
ലളിതമായി അടച്ചുവെച്ചു.
മറ്റൊന്നും പറയാനില്ലേയെന്ന
പരിഹാസത്തിൽ പൊതിഞ്ഞ്
സ്വയമവസാനിപ്പിക്കാൻ പാകത്തിൽ
ക്രൂരമായി വാക്കിനെ രാകിയെടുത്തവരോടുള്ള ദേഷ്യം
മുറിക്കുള്ളിൽ തളംകെട്ടി നിന്നു.
അവനുപേക്ഷിച്ച
ജീവിതത്തിന്റെ പ്രകടനപത്രിക
ആഴ്ചകളോളം നീണ്ട
ചര്‍ച്ചകള്‍ക്ക് കളമൊരുക്കി.
കളിക്കളത്തിലും വിദ്യാലയത്തിലും കോളേജിലും
അവനൊരേ കളത്തിനുള്ളില്‍
കുടുങ്ങിപോയി.
കുതറും തോറും
താഴ്വേരറുക്കാന്‍ പാങ്ങുള്ള
പിച്ചളകെട്ടിയ ഊന്നുവടി
അവനു മുന്നിലെപ്പോഴും ദൃശ്യമായി.
തലമുറ തലമുറകളായി
വരമ്പത്തുനിന്ന് കല്പിക്കുന്ന
ശബ്ദം കേട്ടു.
ചവിട്ടിയരയ്ക്കപ്പെട്ട
സ്വപ്നങ്ങളെക്കുറിച്ച്
വാക്കിന്റെ തിരയേറ്റ്
ഹൃദയം മുറിഞ്ഞതിനെക്കുറിച്ച്
മരിച്ചവന്റെ മുറി
നിരന്തരം സംവദിച്ചു.
