കുറച്ച് ദിവസങ്ങളായി
പാതിരാത്രികളിൽ
അയൽവീടുകളിലൊന്നിൽ നിന്നും
ആരോ ഒച്ച താഴ്ത്തി കരയുന്നത്
കേൾക്കുന്നുണ്ട്.
ആദ്യമൊക്കെ ഞാൻ കരുതി
കൊച്ചുകുട്ടികൾ
എന്തെങ്കിലും കാര്യത്തിനുവേണ്ടി
ശാഠ്യം പിടിക്കുന്നതാവുമെന്ന്.
പിന്നീടുള്ള ദിവസങ്ങളിൽ കരച്ചിൽ
കുറച്ചുകൂടി വ്യക്തവും
ഉച്ചത്തിലുമായിരുന്നു.
ശ്രദ്ധിച്ചപ്പോൾ മനസ്സിലായി
കരച്ചിൽ എന്റെ അതേ പ്രായമുള്ള
ഒരാളുടേതാണെന്ന്.
അങ്ങനെയൊരാളെ
ഇതിനുമുമ്പ്
അവിടെങ്ങും കണ്ടിട്ടേയില്ലെന്ന് ഓർത്തപ്പോഴാണ്
കണ്ണെത്തും ദൂരത്തെങ്ങും
ഒരു വീടുപോലുമില്ലെന്നുള്ള തിരിച്ചറിവിൽ
ഞാൻ തരിച്ചിരുന്നുപോയത്.
