എന്നത്തേയും പോലെയല്ല
ഈ സന്ധ്യ
പുലര്‍ച്ച മുതല്‍
ഇപ്പോള്‍ അടര്‍ന്നു വീഴും എന്ന മട്ടില്‍
മഴ ആകാശത്ത് പറ്റി നില്‍ക്കുന്നുണ്ട്
പരിചിതമായൊരു കാറ്റ്
മരങ്ങള്‍ക്കിടയില്‍
പതുങ്ങി നില്‍ക്കുന്ന പോലെ.
നീ തൊട്ടപ്പോള്‍ ഉടലില്‍ പടര്‍ന്ന
ആ തണുപ്പ് ചുറ്റിലും പരക്കുന്നു.
ദേശാടനത്തിന് പോയ പക്ഷി
മടങ്ങിവരുമ്പോഴെന്ന പോലെ
ഉള്ളിലെ ചില്ല തലയാട്ടുന്നു.
ഉറവ പൊട്ടി വരുമ്പോള്‍
മണ്ണില്‍ നനവ് പടരുമ്പോലെ
വെളിച്ചം മനസ്സില്‍ തുടിക്കുന്നു.
കൈ നീട്ടിയാല്‍ തൊടാമെന്ന പോലെ
വിരലുകള്‍ നൃത്തം ചെയ്യുന്നു.
നീ കരുതുന്ന പാട്ടുകള്‍
ഒപ്പിയെടുക്കാന്‍ പോകുമ്പോള്‍
പിരിഞ്ഞ ചുണ്ടുകള്‍ വിടരുന്നു.
