വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍

Poem

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍


രിമേഘം കനംവച്ച്
കുന്നിനുച്ചി തൊട്ടുരുമ്മി
പതുങ്ങുന്ന പൂതമായി
പതിയുന്നു കാമറയില്‍
കരിവീരന്‍ ഒറ്റയാനൊ-
രൊച്ചവച്ചാനടുക്കത്തില്‍
കരത്തീന്ന് തെറിച്ചത്
കാട്ടുചോലയിലൊഴുകുന്നു!
പളുങ്കുവെള്ളത്തിലപ്പോള്‍
പരല്‍പറ്റം മീന്‍കുഞ്ഞുങ്ങള്‍
അതിന്‍ കണ്ണില്‍ മുത്തിടുന്നു
കാമറയത്യാഹ്ലാദത്തില്‍ !

കളകളസ്വനധാര
ജലസഞ്ചാരകൗതുകം
വെള്ളാരങ്കല്ലടിത്തട്ട്
കാമറയങ്ങൊഴുകിപ്പോയി!
അതുകണ്ട കാമറാമാന്‍
വരയ്ക്കുന്നു ദൃശ്യമാകെ
മനസ്സിലെ കണ്ണാഴത്തില്‍
വാക്കുകൊണ്ടതിചിത്രം!

കരിയിലയനക്കങ്ങള്‍
കുരുക്കിട്ട പടര്‍പ്പുകള്‍
വീണപൂക്കള്‍ തൂവലുകള്‍
പുതുനാമ്പിന്‍ തിളക്കങ്ങള്‍
മുരണ്ടുകൊണ്ടടുക്കുന്ന
ശതപരം ചെറുപ്രാണി
പുഴുപുല്ല് മുള്ളുകളും
വാക്കുവക്കില്‍ പൂവിടുന്നു!

കിളിയില്ലാ കൂടിനൊരു
കാവലാളായ് പെരുമ്പാമ്പ്
കിളിമുട്ടയ്ക്കടയിരുന്നമ്മ
യാകാന്‍ പഠിക്കുന്ന
ആശയവൈചിത്ര്യങ്ങള്‍ !
ഒരു മാന്‍മുറിവിനെ
ഉമിനീരുകൊണ്ടുണക്കുന്ന
വ്യാഘ്രമൊരു വാങ്മയം!
സീബ്ര തന്റെ കറുംവര
തൊട്ടു ചാലിച്ചെടുക്കുന്നു
കണ്ണെഴുതി കൊടുക്കുന്നു
കുഞ്ഞുസിംഹം ചിരിക്കുന്നു
അലങ്കാരഭംഗി നീളേ!


Related Articles