എല്ലാ വേദനകളും
ഒരിക്കല്‍
പടിയിറങ്ങിപ്പോകുമെന്നാണോ
നിങ്ങള്‍ കരുതുന്നത്
ചിലത്
ഉമ്മറത്ത് കിടക്കും
ചിലത്
പറമ്പില്‍ ചുറ്റി നടക്കും
ചിലത്
മരത്തിലേറി
നമ്മളെത്തന്നെ നോക്കിയിരിക്കും
ചിലത്
ഇത്തിള്‍ പോലെ
നമ്മളിലേക്ക് വന്ന് കൂടും
വേദനകളെ
പോരാളികള്‍ എന്ന് കരുതേണ്ടതില്ല
നേര്‍ക്കുനേര്‍ യുദ്ധങ്ങള്‍
അവയ്ക്ക് പരിചയമില്ല
വീടിനുള്ളില്‍ ഒളിച്ചിരിക്കുന്ന വേദനകള്‍
ആ സത്യം
നിങ്ങളോട് പറഞ്ഞുതരും.
Malayalam poem Vedanakalude Bhasha written by Vinod V R
