വയസ്സായ കവിത

Poem

വയസ്സായ കവിത


രണം കാത്ത്
കട്ടിലില്‍ കിടക്കുന്നവര്‍ക്ക്
കവിതകളുണ്ടോ?
അറിയില്ല!
ജീവിച്ച ജീവിതമല്ല അവര്‍
ഓര്‍ക്കുന്നത്.
അവര്‍ക്കു മുന്നേ മരിച്ചു പോയ
അവരുടെ പ്രിയപ്പെട്ടവര്‍
എന്തേ അവരെ അങ്ങോട്ടേയ്ക്ക്
വിളിക്കാത്തേ,
സ്‌നേഹം കുറഞ്ഞു പോയോ
എന്ന പരിഭവങ്ങളാണ്.

കാണാന്‍ വരുന്ന കൊച്ചുമക്കളോട്
അവരുടെ പ്രണയത്തിന്റെ കല്ലറയില്‍ പോയി
വേഗം അങ്ങോട്ടേയ്ക്ക് വിളിയ്ക്കാന്‍
അയാളെ ഓര്‍മ്മിപ്പിക്കാന്‍ പറയും.

മരണമടുക്കും തോറും മിഠായികള്‍
വേണ്ടാതാവും,
ഫലങ്ങളുടെ തോലുരിഞ്ഞ
മണമവരെ അലോസരപ്പെടുത്തും,
മീന്‍ കറിയുടെ മണം ചെകിടിക്കും.

ജീവിതത്തിനും മരണത്തിനുമിടയിലെ
കഞ്ഞിവെള്ളത്തില്‍ മുങ്ങി
ഒരു പൂര്‍ണ്ണവിരാമം തേടും.


Related Articles