കല്ലെടുക്കാനൊരു തുമ്പിയും
വിസ്സമതിക്കുന്നില്ലെന്ന തോന്നലില്‍
ചെറുതില്‍ നിന്ന് വലുതിലേക്കെന്ന ക്രമത്തില്‍
കല്ലെടുപ്പിക്കുന്നു.
ഭാരം താങ്ങാതെ
ചിറകറ്റുവീണ തുമ്പികള്‍
കുട്ടിയുടെ ഉള്ളില്‍
ഗൃഹാതുരമായൊരോര്‍മ്മയായി
വളരുന്നു.
മരണക്കളിയെ
നിസ്സാരമായൊരു വികൃതിയായി
താലോലിക്കാന്‍
നമുക്കെന്തെളുപ്പം കഴിയുന്നു.
പ്രാണന്‍ പറിഞ്ഞുപോകുന്ന
വേദനയിലും,
ജീവിച്ചിരിക്കാനുള്ള ശ്രമത്തെ
കല്ലെടുക്കാനുള്ള കഴിവായി
കൂട്ടിവായിക്കരുത്.
