ഓലമേഞ്ഞ കൂരയുടെ
ഉമ്മറപ്പടിയില്‍ മുനിഞ്ഞു കത്തുന്ന
ചെറു റാന്തല്‍ വിളക്കിനും
പറയാനേറെയുണ്ടാകും..
ചാണകം മെഴുകിയ
തറയിലെ നാലു ചുവരുകള്‍ക്കുള്ളില്‍
എരിഞ്ഞടങ്ങുന്ന ചില
നെടുവീര്‍പ്പുകളുടെ
കഥകള്‍..
നിറം മങ്ങിയ കാലത്തിന്റെ ഘടികാരത്തിന്റെ
ഇഴഞ്ഞു നീങ്ങുന്ന സൂചി പോലെ
കാല ചക്രത്തിനൊപ്പം കറങ്ങി-
തിരിഞ്ഞു ദിശയറിയാതെ
നീങ്ങുന്നുണ്ട് നിറം
മങ്ങിയ നിഴല്‍ ചിത്രങ്ങള്‍..
നിര്‍വികാരതയുടെ മൂട് പടങ്ങള്‍ അണിഞ്ഞു
ജീവിതത്തിന്റെ ബാക്കി പത്രത്തിന്റെ വ്യഥകളുടെ
ആഴങ്ങളില്‍ മുങ്ങി താഴുമ്പോള്‍..
നിസ്സഹായതയുടെ കൊടും വളവുകളില്‍ കണ്ട ഏതോ
ദു:സ്വപ്നത്തിന്റെ ചലനമറ്റ രൂപങ്ങളില്‍ മനസ്സുടക്കാതെ,
നിശയുടെ യാമത്തില്‍
കാതിലലയടിക്കുന്ന
നേര്‍ത്ത രാപക്ഷി തന്‍
നാദത്തിലലിഞ്ഞു ചേരാന്‍, പുരയിലെ
ഈ പുല്‍പ്പായയിലൊരു ഉണര്‍ത്തുപാട്ടിനായി
കാതോര്‍ത്തു ഞാനും കിടക്കുന്നു.
