മഴപെയ്ത് പുഴ കലങ്ങീന്നറിഞ്ഞാല്‍
ഞങ്ങളോടി പീടികയിലെത്തും.
വാപ്പയുടെ മുഖത്തപ്പോള്‍
പുലരിയെന്ന് പേരുള്ളൊരു
സ്വര്‍ണ്ണ മല്‍സ്യം തെളിയും.
പീടിക താഴിടാനൊരുങ്ങുമ്പോള്‍
കൈകള്‍ കണ്ണാടി-
ഭരണികളിലേക്കിറങ്ങും.
കല്‍ക്കണ്ടം,
ശര്‍ക്കര,
ഇഷ്ടപുറംചട്ടയുള്ള നോട്ടുബുക്ക്,
പെന്‍സില്‍.
ഗൗരവത്തിന്റെ വാക്യഘടനയെ അഴിച്ചുമാറ്റി
ഞങ്ങളാ മഴയുടെ ഭാഷയെ മുതലെടുക്കും.
മഴ തീര്‍ത്തയാഴം,
മഴ തീര്‍ത്ത വെയില്‍,
മഴ തീര്‍ത്ത നനവ്,
ഒരേ ലായകത്തിലലിയിച്ച്
ഉടലില്‍ ചുറ്റിക്കെട്ടി
പുഴയിലേക്ക് കുതിക്കും.
മഴകനത്തിട്ടും പറമ്പീന്ന് കേറാത്ത ചേട്ടനെ
മോളിച്ചേച്ചി സണ്ണീന്ന്
നീട്ടി വിളിക്കുന്നുണ്ടാവുമപ്പോള്‍.
കെട്ട്യോനെ പേര് വിളിക്കുന്നതിനാല്‍
അന്നാട്ടിലെ പെണ്ണുങ്ങള്‍ക്കെല്ലാം കെറുവാണവരോട്.
