ജഢരാഗമാണു, ഞാനേതോ കിനാവിന്റെ
പട്ടടയില്‍ വെന്തു നീറിയൊടുങ്ങുവോള്..
കേഴുന്ന രാപ്പുള്ളിരവിന്റെ മറകളില്‍,
ഇരപിടിച്ചിടറുന്ന ജീവന് പുലര്ത്തുവോള്..
ഇരവിന്റെ വീഥിയില്‍ ഒരു കൈത്തിരിയായി
ജീവന്റെ താഡനം നൊന്തു വാങ്ങുന്നവള്..
കൊടിച്ചിപ്പട്ടി ഞാന്‍, വയറ്റിലെത്തീകെടാന്,
മുന്നിലെ മേനി തന് കാമം കെടുത്തുവോള്..
കാരിരുമ്പിന്റെ മനസ്സുള്ളവള്‍,
കരിങ്കല്ലുപോല്‍ വികാരമൊക്കെയൊതുക്കിയോള്..
ഹൃദയ പത്മത്തിലനുരാഗ മകരന്ദം സൂക്ഷിപ്പവള്‍...
നഷ്ടസ്മൃതി തന് ഗദ്ഗദമുള്ളില് പേറുന്നവള്...
കുഞ്ഞിന് വിശപ്പടക്കാനൊരു തുണ്ടു ചേലക്കായ്,
മാനവും വിറ്റു നീറ്റലാകുന്നവള്..
അരുതുകള്‍, കുരുക്കുകള്‍ മധുവായിക്കരുതിയോള്,
കാമച്ചണ്ടിയായപ്പൊളും മധുരം പകര്‍ന്നവള്‍..
കള്ളിന്റെ വാസന മല്ലികപ്പൂമണമാക്കുവോള്,
മുരട്ടു കിഴവദേഹത്തില് കൗമാരം പുരട്ടുവോള്..
അറയ്ക്കും മലിനമുറിയകമണിയറയാക്കുവോള്,
തേടുന്നോര്ക്കൊക്കെയും മണവാട്ടിയാകുവോള്,
'തേവിടിശ്ശി'യെന്നൊരു വാക്കിന്നുടയവള്,
മെഴുകുതിരിയായി ഉരുകിയടങ്ങുവോള്..
കൊലുസിന്റെ ശബ്ദം ഭാവന തീര്‍ക്കവേ,
'മൂധേവി'യെന്നാട്ടി വിളിക്കും 'ദേവദാസി'..
എന്‍ ചിരിയൊച്ചയില്‍ സങ്കല്പം പൂവനി നീര്‍ത്തവേ,
'പിഴച്ചവ'ളെന്നു തുല്യം ചാര്ത്തിക്കിട്ടുവോള്..
'കൂത്തിച്ചി'യാണു, മരക്കൊള്ളിയാണു
ഞാനെരിഞ്ഞു കനലായി, കരിക്കട്ടയാകുവോള്..
മഹിളകള്ക്കാകെയപമാന,മാണിന്റെയാഘോഷ വാസന്ത തീര-
മപാര വേദനതന്‍ സഹനഗാത്രം..
പുണ്ണുകള്‍, മുറിവുകള്‍, കരളില്‍ നിറച്ചവള്‍,
ചൂണ്ടകളമ്പുകള്, ഹൃത്തില്‍ കൊരുത്തവള്..
നാവില്‍ കൊടിയ വിഷമോലും പാമ്പുള്ളവള്,
തീ പോലെ, കടല്‍ പോലെയൊഴുകിപ്പരക്കുവോള്..
കണ്ണീരു സീല്‍ക്കാരം കൊണ്ടു മറയ്ക്കുവോള്‍,
നെടുവീര്‍പ്പു നാദസമ്മോഹനമാക്കുവോള്....
നട്ടുച്ചപോല്‍ തീ വിതറുന്നവള്, ഇടി-
മിന്നല്‍ പോല്‍ തീക്ഷ്ണാനുഭൂതി പകരുന്നവള്‍..
പേമാരിയായ്, ദാഹങ്ങളൊക്കെക്കെടുപ്പവള്,
പ്രേമചന്ദ്രികയെത്തേടുമമാവാസി നീരാളം..
വര്‍ഷ നദിയായാര്ത്തലച്ചൊഴുകുവോള്,
പൗരുഷത്തീയൂതി, യൂതിയുണര്ത്തുവോള്, പതിവ്രതാ-
രത്നത്തെക്കാളുണ്മ, വെണ്മ വഹിപ്പവള്‍...
മേഘകളങ്കങ്ങള് മൂടിയോരാതിരപ്പാല്ച്ചിരി..
ആണിന്നനുഭൂതിയൊക്കെയും കൊയ്യുവോള്,
ആണത്തമൊക്കെയടക്കുവോള് പെണ്ണിര..
ഇരുട്ടു തൂകും വിളക്കു ഞാന്‍, ദുര്ഗന്ധമോലുന്ന പൂവു ഞാന്‍,
വിഷമുള്ളു, 'നല്ക്കണി'..
പൊരുളഴിയാത്തൊരു പാപത്തിന്നേടു ഞാന്‍,
അരുളാത്ത പുണ്യകാണ്ഡം, നട്ടപ്പാതിര..
*നല്ക്കണി - വേശ്യ നല്ല കണിയും നല്ല ശകുനവുമാണെന്ന് സങ്കല്പം
Malayalam poem Pennira written by Sreekumar Cherthala
