നിശ്ശബ്ദതയുടെ പടുകുഴിയാണ് പിന്നെ
മുകളില്‍ നരച്ച ആകാശത്തിന്റെ തുണ്ട്
മേലങ്കി പോലെ അതെന്നെ
വന്ന് പൊതിയുന്നു.
പൂച്ചയുടെ മുരളല്‍
കിളിയുടെ കുറുകല്‍
കോഴികളുടെ കൂകല്‍
ചീവീടുകളുടെ കാത് തുളക്കുന്ന മൂളല്‍
ഉണര്‍ന്നിരിക്കുന്നവയെല്ലാം
ഉച്ചത്തില്‍ മുരടനക്കുന്നു, ഞാനൊഴികെ
അവരെല്ലാം എനിക്ക് ചുറ്റും നിരക്കുന്നു,
അടഞ്ഞ വീടിനുള്ളില്‍ എനിക്കവയെ കാണാനാവില്ലെങ്കിലും.
മുളങ്കൂട്ടിലൂടെ തെന്നിത്തെന്നി കാറ്റ്
ആസ്ബെസ്‌റ്റോസ് ഷീറ്റില്‍ മുട്ടി
ആര്‍ത്തലച്ചു വീഴുന്നു.
വെയിലിലുണങ്ങി മടുത്ത് തുണികള്‍
നനവിന്റെയോ ഉടലിന്റെയോ ഭാരമില്ലാതെ
പറന്നു തുടങ്ങി
അങ്ങനെയെന്തെല്ലാമോ!
വെളുത്ത ശലഭം പോലൊരു കത്ത്
എന്നെഴുതിയ പ്രിയപ്പെട്ട എഴുത്തുകാരിയെ
സ്‌നേഹത്തോടെ ഓര്‍ത്തു
