മുലക്കുറ്റം

Poem

മുലക്കുറ്റം



ജാഗ്രത വേണം, ചൊല്ലീ
മുലകൾ എന്നോട്

എതിരേ വരുന്നവർ
കശക്കിയേറിഞ്ഞേക്കാം
ചോരയോടും ചൂടു
ഞരമ്പവർ മറന്നേക്കും
മുല കൊഴുത്തവർ
കളിക്കോപ്പായി മാറാം
പാടേ മുല കുറഞ്ഞവർ
വെറും നിസ്വരായ് തിരിഞ്ഞേക്കാം.
മുല തുടുത്തവരുടെ
കണവന്മാരെ കണ്ടാലറിയാം
തെങ്ങിൻതോപ്പി
ന്നുടമകളെപ്പോലവർ.

മുല കണ്ടാലറിയാം സദാചാരന്മാർക്ക് അവൾക്കുള്ളം കുളിരോ
കുലീനത നിറഞ്ഞതോ
പതഞ്ഞതോ
കടത്തുകാരിയോ
ഗർഭംചുമക്കുന്നോളോ
പ്രേമം നടിക്കുന്നോളോ
മെല്ലെ വിളിക്കുന്നോളോ
ഇവൾ.

രാത്രി രാത്രികൾ തോറും
കച്ചയഴിച്ചോർക്കില്ല കവിതക്കുളിർ
ഇല്ല ലഹരിത്തരിപ്പവർ
ക്കറിയാം ക്ഷതങ്ങളെ
അറിയാം നഖങ്ങളെ
അറിയാം മുലവാർക്കും
കണ്ണീരിന്നുപ്പേ സത്യം.


വലിച്ചു കുടിച്ചൊരു പ്രാണൻ
പ്രാണനെയുണ്ടു
വളരാൻ തരിക്കുമ്പോൾ
നുകർന്നു രസിക്കുമ്പോൾ
മുനമ്പിൽ കടിയേറ്റു
പിടയും മുയലുകൾ
എങ്കിലും ജീവൻപകർ
ന്നവകൾ പാവങ്ങൾ.

ചിലപ്പോളവ പകമൂത്തവ
പെരുത്തവ
ജീവന്റെ കൊരവള്ളി
വരിഞ്ഞു മുറുക്കുമ്പോൾ
മുറിച്ചെറിയും ഞാൻ
മരണമുദ്രകൾ
മുലയില്ലാക്കാലത്തേ
ക്കടർന്നു കയറും ഞാൻ.

മുലകൾ മുഖത്തേക്കാൾ
വിലയേറിയോർ
മുലയിടിഞ്ഞാൽ വില
യെന്നിൽ ഇടിയാതിരിക്കുവാൻ
ഉയർത്തിക്കെട്ടി പൊക്കി
നിറുത്തും കുടീരങ്ങൾ
ഒടുവിൽ ചുള്ളികമ്പിൽ
ഞാത്തിയ മടിശ്ശീല
ഒഴിഞ്ഞു തൂങ്ങുമ്പോൾ
മരണം കാക്കുമ്പോൾ
ഒരു പൂമ്പാറ്റ വന്നീ
മുലകൾ കുടിച്ചെങ്കിൽ
ഒരു പൂവായെന്റെ
മുലകൾ മാറിയെങ്കിൽ..


Related Articles