മഴയുടെ നൊമ്പരം

Poem

മഴയുടെ നൊമ്പരം


തന്നെ പ്രണയിച്ചവന്റെ
മരണ വീട്ടില്‍,
കാറ്റും കോളുമില്ലാതെ,
ഒറ്റക്ക് വന്ന്,
ഉമ്മറപ്പടിയില്‍
കാത്തു നില്‍പ്പാണ് മഴ!

'അടക്കം ചെയ്യുമ്പോഴേക്കുമൊ-
ന്നടങ്ങിയിരുന്നെങ്കിലെന്ന്
ആളുകള്‍ തന്നെ ശപിക്കുന്നതും കേട്ട്,
ഒന്നുമുരിയാടാനാവാതെ,
നിര്‍ത്താതെ പെയ്ത്.....

തോരാനാഗ്രഹമുണ്ടെങ്കിലും,
തീരാതൊഴുകുകയാണീ-
കണ്ണീരെന്ന് ആരോട് പറയാനാണ്?

ആരുമറിയാത്ത തന്റെ
പ്രണയത്തെ,
നെഞ്ചോട് ചേര്‍ക്കാനാവാതെ,
വിതുമ്പി നില്‍പ്പാണ്,
മഴ..


Related Articles