അവളുടെ വീട്ടില്‍
ഞാനാദ്യമായാണ് കയറുന്നത്
ഫേസ്ബുക്കില്‍ അവള്‍ക്കു പിറകില്‍
പോസ് ചെയ്തിരുന്ന വീടിനെ
അസൂയയോടെ നോക്കിയിട്ടുണ്ട്
നേരിട്ടെത്തിയപ്പോള്‍
അവളും വീടും മാഞ്ഞുപോയിരിക്കുന്നു
പരിചയപ്പെട്ടതുമുതല്‍
മൊബൈല്‍ ക്യാമറക്കുള്ളിലായിരുന്നു
ഒരുക്കം
മുഖം മിനുക്കലും
മുടിയുടെ രീതി മാറ്റലും
തിളക്കം കൂട്ടലുമൊക്കെ
വിരലനക്കത്തില്‍
വിടര്‍ന്നുവന്നു
അവളൊരു മായയാണോ എന്ന്
എനിക്ക് ആശങ്കയുണ്ടായിരുന്നു
പതുക്കെ പതുക്കെ
ഞങ്ങള്‍ ഒരുവഴി നടക്കാന്‍ തുടങ്ങി
സന്ദേശങ്ങള്‍ കൊണ്ട്
കൂട് കെട്ടി
മൊബൈല്‍ ഫോണിനുള്ളില്‍
സ്വപ്നങ്ങള്‍ക്ക് തറക്കല്ലിട്ടു
അവളിറങ്ങിപ്പോയതിന് ശേഷമാണ്
അവളുടെ വീട്ടിലെത്തിയത്
കാണിച്ച വീടല്ലത്
കാണിച്ച നാടല്ലത്
കാണിച്ചതൊന്നും അവിടെയില്ല
അവളിറങ്ങിപ്പോയപ്പോള്‍
വീടും കൂടെപ്പോയതാവുമോ!
പഴകിയ പെയിന്റടര്‍ന്ന
അവളുടേതെന്ന് ഓര്‍ത്തിട്ടുപോലുമില്ലാത്ത
തരത്തില്‍
ഒരു വീട്
