കവിയരങ്ങ്

Poem

കവിയരങ്ങ്


അക്ഷരങ്ങളുടെ
വടിവും
ഒടിവും
ചതവും
ക്രമം തെറ്റാതെ
ചാക്രികമായി
മുന്നില്‍ മുനിഞ്ഞു മിന്നി.

അക്ഷരങ്ങള്‍ കാന്തംപോലെ
ഒട്ടിവന്നു
പദങ്ങളായി.
പദാ-ര്‍ത്ഥങ്ങളില്‍
വികാരങ്ങളുടെ തള്ളിച്ച
വാക്കുകളുടെ കല്ലിച്ച
വരികളുടെ നിരപ്പില്ലായ്ക
വരകളുടെ അതിരില്ലായ്മ...

പഞ്ചേന്ദ്രന്മാര്‍
ഭൈമീ കാമുകര്‍
അഴകിയ വേഷഭൂഷാദികളോടെ
കവിതകളായി
കല്പനയിലാടി.

കണ്ടാല്‍ അറിയുകേയില്ല
അച്ചില്‍ വാര്‍ത്തതുപോലെ
ഒരേ നിറം (ദമയന്തി കണ്ടു)
ഒരേ മണം (അവളുടെ മൂക്ക് വിടര്‍ന്നു)
ഒരേ പൊക്കം (മനക്കണക്ക്)
ഒരേ ആശയം (വിവേചനബുദ്ധി)
എങ്കിലും...
എവിടെയോ... (ഉപബോധം പിറുപിറുത്തു).


Related Articles