ഗൗളീശാസ്ത്രത്തിലായിരുന്നു
അവളുടെ ഗവേഷണപ്രബന്ധം.
ഗൗളിയുടെ ചിലപ്പിന്റെ ഭാഷ
ഇരിപ്പിന്റെ ഘടന
ഉത്തരം താങ്ങുന്നതിന്റെ
ഉത്തരവാദിത്തം
വാല്മുറിച്ചിടുന്നതിന്റെ
യുദ്ധതന്ത്രം
ഇരപിടുത്തത്തിന്റെ കൗടില്ല്യം
പിടിവിട്ടു വീഴുന്നതിന്റെ പ്രത്യയശാസ്ത്രം
ശത്രുവിനെതിരിലെ നയനോന്മീലനം
ദ്രുതചലനത്തില് ശരീരത്തിന്റെ
വൈരുദ്ധ്യാത്മകത
കാഷ്ടിക്കുന്നതിലെ ക്രിയാവേഗം
ഒളിച്ചിരിപ്പിന്റെ സഹനസൗമ്യത
മേളിപ്പിന്റെ രതിസായൂജ്യം
അകല്ച്ചയിലെ അപ്രമേയത
ഓരോന്നോരോന്നായി
അവള് തന്റെ ഗവേഷണസാരം
ഗൈഡിനെ തെര്യപ്പെടുത്തി.
ഗൈഡിന് പെട്ടെന്നെല്ലാം
മനസ്സിലായി.
അഥവാ, ഒന്നും മനസ്സിലായില്ല.
എന്തെന്നാല്
അവളുടെ ഗവേഷണമത്രയും
അയാളെക്കുറിച്ചായിരുന്നു.
അയാളോ അവളെ താലിചാര്ത്തിയവനും
