ബാക്കി

Poem

ബാക്കി


ഇതു ബാക്കിയാണ്,
എന്റെ ജീവന്‍
നിലയ്ക്കും മുന്നേ
പറയാന്‍ മറന്നത്:

എന്റെ പൂജാ ക്ഷേത്രം ഇടിഞ്ഞു പോയിരിക്കുന്നു
ദൈവങ്ങള്‍ ഒരു വാക്ക് പോലും പറയാതെ
എങ്ങോട്ടെന്നില്ലാതെ കുടിയേറി പാര്‍ത്തു
ശ്വാസം ദ്രുതഗതിയോട് അടുക്കുമ്പോള്‍
ഞാന്‍ കാണുന്നു,
എന്നെ പുണരാന്‍
വെമ്പുന്ന
മൃത്യുവിന്റെ ഇരുട്ടിനെ,
അവന്റെ കരങ്ങളുടെ ഇരുമ്പ് ചങ്ങല
മാറ്റപ്പെട്ടിരിക്കുന്നു, പ്രതീക്ഷിച്ചതിലും ഭയാനകം,
വരളുന്ന ചുണ്ടുകളും, നിറയുന്ന കണ്ണുകളും
ചുമന്നിരിക്കുന്നു,
പഴുത്തു വരുന്ന എന്റെ സ്വപ്നങ്ങള്‍
മൃത്യു ഭക്ഷിക്കുമ്പോള്‍,
ഹൃദയം പുളയുന്നു
ആത്മാവിലേക്ക് ഇറക്കി വിട്ട അവന്റെ
ദയ കാംഷിക്കാന്‍ ഞാന്‍ അര്‍ഹനല്ല..
ശരീര ധമനികള്‍ പൊട്ടി പോയിരിക്കുന്നു
ഇരുട്ടിന്റെ കണ്ണുകളിലൂടെ ഞാന്‍ കാണുന്നു
അവന്റെ പൊക്കിളിലൂടെ ഞാന്‍ ശ്വസിക്കുന്നു..
നീണ്ട രോമങ്ങളില്‍ അവസാന ഇത്തിള്‍ കണ്ണിപോലെ
ഞാന്‍ മുറുകെ പിടിക്കുന്നു,
അപരിചിത മുഖങ്ങള്‍ ഒന്ന് കൂടി ഓര്‍മിക്കുമ്പോള്‍
എന്റെ തലച്ചോറിനെ പിടപ്പിക്കുന്ന
ഗദ്ഗദങ്ങള്‍ ഞാന്‍ കേട്ട് പോയി..
ഒടുവില്‍ എന്റെ ഭാരമില്ലാത്ത ശരീരം
നീർച്ചെടി പോലെ മൃത്യുവിന്റെ പച്ച കുളത്തില്‍
പൊങ്ങി കിടക്കും,
തിരയുന്ന കണ്ണുകളില്‍ ഞാന്‍ പിന്നെ
സ്വപ്നം കാണില്ല, ചിതല്‍ തിന്നുന്ന ശരീരം
അഴുകുന്ന ഗന്ധം എനിക്ക് സമ്മാനിക്കുമ്പോള്‍
പിഴുതെടുത്ത അവന്റെ ഹൃദയവുമായി
അഗാധമായ ആഴങ്ങളിലേക്ക്
മുങ്ങാം കുഴിയിടും, നിശബ്ദമായി.

Malayalam poem Baakki written by Dr. Vinod.S.


Related Articles