അഹിതം

Poem

അഹിതം


പെരുമഴയോ അതോ പെരുമ്പറയോ
പൊരുതുന്ന ജീവികള്‍ക്കാശങ്കയായി
പിടയുന്ന ജീവിതം താറുമാറായി
ഋതുക്കള്‍ക്കു പോലും അറിയാതെയായി.

ഭൗമപാളികള്‍ക്കിടയിലുണ്ടായ കലഹമോ
കുരുക്ഷേത്രയുദ്ധ സമാനമായി
പുത്രരും പൗത്രരുമുള്‍പ്പെട്ട നഷ്ടത്തെ
പഴിക്കാന്‍ പിതാമഹര്‍ മാത്രമായി.

കാത്തിരിപ്പിന്‍ വിരഹ വേദനയില്ലാതെ
കന്യകമാരും കുടിയൊഴിഞ്ഞു
കാടിനെയോര്‍ത്തവര്‍ കേണു പറഞ്ഞത്
കേവലമല്ലെന്നു കേട്ടുകൊള്‍ക.

ഈ ഗ്രഹത്തിന്‍ വിധി കണ്ടുനിന്ന-
ന്യഗ്രഹങ്ങളൊന്നാകെ സമാശ്വസിച്ചു
ജീവനും വായുവുമില്ലാത്തതോര്‍ത്തവര്‍
ഒരു വേള സൃഷ്ടിയെ കൈവണങ്ങി.


Related Articles