ലൈറ്റ് ഹൗസി

Poem

ലൈറ്റ് ഹൗസി


ത്ഭുതം എന്ന് പറയാനില്ല
എൻ്റെ വൃഷണത്തിൻ്റെ തൊട്ടുതാഴെയായ്
ഒരു യോനി പൊടിച്ചുവരുന്നു
ഒരു പല്ല് കിളിർത്ത് വരുമ്പോലെ
ഒരു കുഞ്ഞുപക്ഷി വായ തുറക്കുമ്പോലെ

മറച്ചുപിടിക്കുന്നത് എന്തിനാണ്?
എൻ്റെ വൃഷണത്തിന്
ഒരനിയത്തി പിറന്നിരിക്കുന്നു
ഒരു കണ്ണിന് മറുകണ്ണ്
സഹോദരപ്പെടുന്നതുപോലെ
ഒരു ചെവിക്ക് മറുചെവി
കൂട്ടിരിക്കുന്നതുപോലെ
ഉയരുമ്പോൾ ഒരു കാലിനെ
മറുകാൽ പോറ്റുന്നതുപോലെ

ഒരു ശരീരത്തിൽ
എന്തിന്
അധികം ലൈംഗികാവയവങ്ങൾ എന്ന്
നിങ്ങൾക്ക് തോന്നാമെങ്കിലും
എനിക്കവ അങ്ങനെയല്ല
സ്നേഹത്തെ സ്വീകരിക്കാൻ
ഇതിലും കൂടുതൽ ചുണ്ടുകൾ
ഞാൻ ഏറ്റെടുക്കും
എനിക്കതിൽ മടിയൊന്നുമില്ല
വിശപ്പു കൊണ്ടല്ല
ഏറ്റവും കൂടുതൽ മരണമെന്ന്
എനിക്കറിയാത്തതല്ല

ശരീരത്തിൽ കള്ളനോട്ടുകളില്ല
അതിൻ്റെ ഓരോ തരിയും സത്യം
ആണായാലും പെണ്ണായാലും
പലതുമായാലും
നിങ്ങളുടെ സ്നേഹം കാത്തിരിക്കുന്ന ഒരാൾ
എൻ്റെ ഉള്ളിലുണ്ട്
വരുന്ന നൂറ്റാണ്ട്
പാതി പെൺകുട്ടിയാണ്.


Related Articles