പുഴ
ഒഴുകിമാറിയ കരയിൽ
രാത്രികളിൽ താമസിച്ചു.
പകലിന്റെ ചൂട്
പാമ്പു പോലെ
മണലിലിഴഞ്ഞു നടക്കുന്നു.
പുഴ
ഇപ്പോൾ ഒഴുകുന്നിടത്തായിരുന്നു
എന്റെ വീട്.
അകലെ നിന്നു പറന്നുവരുന്ന കിളികൾ
കാറ്റു പോലെ താമസിക്കുന്ന
മരങ്ങൾക്കിടയിലൂടെ
നടന്നു നടന്ന് തെളിഞ്ഞ പാതകളിൽ
കനമില്ലാതെ ഞാൻ വളർന്നു.
തലമുറകളിലൂടെ
എഴുതിയും
വായിച്ചും
പറഞ്ഞും പഠിച്ച
പുഴയുടെ
ഭാഷയായിരുന്നു
എന്റെ വീടിന്റെ സമ്പാദ്യം.
മീനുകളുടേതു പോൽ
ലളിതമായിരുന്നു ഞങ്ങളുടെ ജീവിതം.
പ്രാവുകൾ പറക്കുമ്പോൾ
വിരിയുന്ന ഓളങ്ങൾ പോലെ
അക്കരെയുള്ളവരോടു ചിരിച്ചു.
അവരുടെ ഭാഷ
മനസിലായില്ല,
ഞങ്ങളുടെ ഭാഷ അവർക്കും.
കൊട്ടവഞ്ചി നിറയെ
ആറ്റുപൂക്കളുമായിഅവരുടെ പ്രഭാതത്തിലേക്ക്
ഞാൻ തുഴഞ്ഞെത്തി.
വൈകിട്ട് തിരിച്ചു പോരുമ്പോൾ
നടുപ്പുഴയിൽ, വഞ്ചിയും
ബാക്കിയുണ്ടായിരുന്ന പൂക്കളും
കുത്തിമറിഞ്ഞു ചുഴിയിൽ.
കാടിന്റെ ജഡത്തിൽ അള്ളിപ്പിടിച്ച്
ഇക്കരെയ്ക്കു നീന്തി.
നേരം വെളുത്തപ്പോൾ
ശരീരം നിറയെ
മൃഗങ്ങളുടെ കരച്ചിൽ
പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു.
മണലിൽ
ജലമെഴുതിയപ്പോയ
വരി പോലെ
ഒലിച്ചുകിടന്നു ഞാൻ.
എന്റെയുള്ളിൽ നിന്ന്
പുഴയുടെ
ലിപികൾ
പുറത്തേക്കൊഴുകി.
Contemplative journey of a person residing near a riverbank, where the flowing river becomes both a mirror and a metaphor for life. It explores how the river’s constant movement, quiet whispers, and seasonal changes influence his thoughts, emotions, and philosophy, weaving a deep connection between nature’s rhythm and human existence
