കുട്ടിയെ ആദ്യമായി
പറക്കും കുതിര കാണിച്ചത്
അപ്പൂപ്പനായിരുന്നു.
കുതിരപ്പുറത്തേറി വന്ന രാജകുമാരനെ
കൽമതിലിനു പുറത്തു കാവലിരുത്തി
കുതിച്ചുപായവേ
ഇരുവരും കൈകൊട്ടി.
നനഞ്ഞുചുരുണ്ട മൂത്രത്തുണി
മേഘമായി,
ഡോറ-ബുജി ഓടും ചുവർ
ആകാശമായി.
രാജകുമാരൻ മടങ്ങവേ
ആരും കാണാതെ ഇനീം വരണമെന്നായി കുട്ടി.
അന്നു രാത്രി
കുട്ടി പോലും കാണാതെ
അപ്പൂപ്പനേം കൂട്ടി പറക്കും കുതിര മടങ്ങി,
ഒറ്റക്ക് പറന്ന അപ്പൂപ്പനോട് പിണങ്ങി
കുട്ടി കരഞ്ഞുറങ്ങി.
കുട്ടിയെ പിന്നേം
പറക്കും കുതിര
കാണിക്കാമെന്ന് പറഞ്ഞത്
മറ്റൊരപ്പൂപ്പനായിരുന്നു.
അടുത്ത വീട്ടിൽ കല്യാണത്തിന് വന്നോർ
പുറത്തു കാവലിരിക്കേ
വിരലുകൾക്കുള്ളിൽ
കുട്ടി പിടഞ്ഞുകരഞ്ഞു.
അയാൾ ഊരിയെറിഞ്ഞ
കുട്ടിയുടെ കുഞ്ഞുനിക്കർ
കാർമേഘമായി,
കല്യാണമുറ്റത്ത് വലിച്ചു കെട്ടിയ പന്തൽ
മാനം മൂടി.
അതിഥികൾ മടങ്ങി.
ആരേം കാണാൻ
ഇനി എങ്ങോട്ടുമില്ലെന്നായി കുട്ടി.
അന്നു രാത്രി
അവന്റെയുള്ളിലെ കുട്ടിയേം കൂട്ടി
പറക്കും കുതിരയും മടങ്ങി.
പിന്നീടൊരിക്കലും
കുട്ടി ആരോടും പിണങ്ങിയില്ല,
കരഞ്ഞില്ല,
ഉറങ്ങിയതേയില്ല.
