മതിഭ്രമമുള്ളവരെല്ലാം വാൻഗോഗല്ല.
ഇനിയാണെങ്കിൽ തന്നെ
അയാളുടെ സ്റ്റാറീ നൈറ്റ്സേ
നമ്മൾ കണ്ടിട്ടുള്ളു.
ഒരു ഇരുട്ടുമുറിയുടെ മൂലയിലിരുന്ന്
അലറിക്കരയുമ്പോൾ
വേദനിച്ചുപിടച്ച്
മുള്ളി വച്ച ചിത്രം
നമ്മൾ കണ്ടു കാണില്ല.
ഭയത്തിൻ്റെ രൂപത്തിന്
കാൽപ്പനികതയില്ല.
ആ സമയം എല്ലാവർക്കും
ചിത്രം വരയ്ക്കാൻ കഴിഞ്ഞെന്നും വരില്ല.
വയറ്റിൽ വെടിയുതിർത്ത്
സൂര്യകാന്തി പാടത്തിലൂടെയോടി
ജീവിതം വാർന്നു കളയാൻ പാകത്തിലുള്ള
വേദന നമ്മൾ കണ്ടു കാണില്ല.
നമുക്കാണത് കവിത പോലൊരു മരണം
അയാൾക്കത് വണ്ടി കയറിയിറങ്ങിയ
പട്ടിയുടെ പിടച്ചിൽ മാത്രം.
വിർജീനിയ വൂൾഫിൻ്റെ
A Room of One's Ownൻ്റെ
രാഷ്‌ട്രീയം സാർവത്രികമാണ്.
അത് വിമോചനമാണ്.
പക്ഷേ, മുങ്ങി മരിക്കാൻ
പാകത്തിൽ അവരെ ശ്വാസംമുട്ടിച്ചിരുന്ന
മുറിയെപ്പറ്റി നമുക്കറിയില്ല.
നമ്മളതിൽ കയറിയിട്ടുണ്ടാവില്ല.
ഓട്ടിസ്റ്റിക്കായ കുട്ടികൾ
സമൃദ്ധമായ ആന്തരലോകത്തിൽ മുഴുകി
ആനന്ദപൂർണ്ണരായിരിക്കുന്നു
എന്നെൻ്റെ പ്രിയ കവി എഴുതിയപ്പോൾ
എനിക്ക് ചിരി വന്നു.
