ഉരുകിപ്പരക്കുന്ന പക്ഷിയുടെ നിഴൽ
അലിഞ്ഞു തീരും മുമ്പ്
വെളിച്ചം വറ്റുന്നു.
ചിറകു ചേക്കേറുന്ന
പുഷ്പിണിയായ വൃക്ഷത്തെ
നിലാവു തലോടുന്നു.
ഉപ്പുപുരണ്ട കാറ്റ്
മണലറ്റത്തോളം വന്ന്
മടങ്ങിപ്പോകുന്നു.
തീരത്ത്
രാത്രിയിൽ കിഴവൻ നിഴലായി
പൊളിഞ്ഞ ചാരുബഞ്ചിനെപ്പുണർന്ന്
ഉണർച്ച നടിച്ച്
ചേക്കയിലെ ശബ്ദങ്ങൾ
നിലച്ചതിനു ശേഷം
വൃക്ഷം ഉറങ്ങുന്നതായി
നടിച്ചതിനു ശേഷം
എഴുന്നേൽക്കാനുറച്ച്
മീൻവലയുമായി ഒരു മിടിപ്പ്.
വൃക്ഷത്തോടെ വീശിപ്പിടിക്കാനുള്ള മോഹം
വെട്ടമെത്താത്തിടത്തു പതുങ്ങിക്കിടക്കെ
മേഘത്തിൽ നിന്നൊരു ചൂണ്ട
ഇര തേടി
ചാരുബഞ്ചിലേക്ക്
പതുക്കെ -
പ്പതുക്കെ.
