അവസാന നിമിഷം വരെ
സ്നേഹിച്ചാൽ മാത്രം മതിയെന്ന്
നിശ്ചയിച്ച അച്ഛനും അമ്മയും
കാട്ടുചെടികൾ പടർന്നു കയറിയ
നാട്ടുവഴികളിലൂടെ നടന്നുനടന്ന്
പറഞ്ഞുതീരാത്ത കഥകൾ
പിറ്റേന്നത്തേയ്ക്ക് പൊന്തയിൽ ഒളിപ്പിച്ചു
പൂമ്പാറ്റകൾ അമ്മയെ
കുന്നിൻപുറത്തേയ്ക്ക്
വഴികാട്ടി
അച്ഛന്റെ മൂളിപ്പാട്ട്
പാറപ്പുറത്തു ചുറ്റിത്തിരിഞ്ഞു
അമ്മ ബീഡിമണത്തെയും
നെഞ്ചേറ്റി.
സ്ഫടികജലത്തിനരികെ
തിളങ്ങുന്ന വെയിൽ
സാക്ഷിയാക്കി
അച്ഛൻ അമ്മയുടെ വിരൽ തൊട്ടു.
വെറുക്കരുത്
അമ്മ മന്ത്രിച്ചു
അന്നേരം ചുറ്റുമുള്ളതെല്ലാം
മാഞ്ഞുപോയി
മഴയ്ക്ക് മുൻപുള്ള
ഒരു തണുത്ത കാറ്റ്
തലങ്ങും വിലങ്ങും വീശാൻ തുടങ്ങി
വീണ്ടും എത്ര പേർ കുന്നിറങ്ങി
മറന്നുവച്ച കഥകൾക്കായി
പൊന്തകളിൽ പരാതി
പങ്കിട്ട മധുരം
മറ്റുള്ളവരോട്
പറയാനാകാതെ കുഴങ്ങി.
