കയറ്റം

Poem

കയറ്റം


 പണ്ടൊരവധിക്കാലത്തിലാണ്
അവനാദ്യമായി മരത്തിൽ കയറിയത്
ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്
പിടിച്ചുകയറുമ്പോൾ
അവന് വലിയ അഭിമാനം തോന്നി
എല്ലാവരും പറഞ്ഞു:
“നീ വലുതാകുമ്പോൾ വലിയ
മരംകയറ്റക്കാരനാകും !”

സത്യത്തിൽ അവനും  
അതുതന്നെയായിരുന്നു ആഗ്രഹം.
ചില്ലകളുടെ ബലമളന്ന്  
ഒന്നിൽ തുടങ്ങി
രണ്ടാകുന്ന വിടവുകളിൽ
പാദങ്ങൾ തിരുകിവച്ച്
വലിയ മരങ്ങൾ കീഴടക്കി
തുഞ്ചത്തേക്കെത്തുമ്പോൾ
ഹിമാലയത്തിനു മുകളിലെത്തിയെന്ന
തോന്നലാണവന്.

ഇന്നിപ്പോൾ അകലെ
അറിയാത്ത ഭാഷ സംസാരിക്കുന്നവരുടെ നാട്ടിൽ
മരങ്ങൾക്കെല്ലാം
ഒരുപാട് ഉയരങ്ങളിലുളള ചില്ലകളിലെ
തണുത്ത ചില്ലുകൂട്ടിനുള്ളിൽ
താഴേക്കു നോക്കി നിൽക്കുമ്പോൾ
പഴയ കുട്ടിയായി മാറി
മരങ്ങളെ കീഴ്പ്പെടുത്താൻ
അവന് പൂതി തോന്നി.

വർഷത്തിലൊരിക്കൽ
വിരലിലെണ്ണാവുന്ന അവധിക്ക്
നാട്ടിൽ വന്നപ്പോൾ
അയാളെപ്പോലെ
ചെറുതാവാൻ കൊതിച്ചിട്ടും
വളർച്ച നിർത്താനാകാത്ത
അവിടുത്തെ മരങ്ങൾ
ആ പഴയ കാൽപ്പാദങ്ങളുടെ ചവിട്ട്
വീണ്ടുമറിഞ്ഞു.  


Related Articles